സിൽവർലൈൻ ഡിപിആർ നൽകിയിട്ട് ഈ 17ന് 5 വർഷം; അനിശ്ചിതത്വത്തിലുള്ള പദ്ധതിക്ക് ചെലവിട്ടത് 60 കോടി രൂപ

Mail This Article
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) കേന്ദ്ര സർക്കാരിനു സമർപ്പിച്ചിട്ട് ഈ മാസം 17ന് അഞ്ചു വർഷം പൂർത്തിയാകുന്നു. ഡിപിആർ പരിഷ്കരിക്കണമെന്നു കേരളത്തോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ഡിപിആർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. 2019 ഡിസംബറിൽ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതി ഉപേക്ഷിച്ചോ എന്നു വ്യക്തമാക്കാതെയാണു റെയിൽവേ മന്ത്രാലയം ഇ.ശ്രീധരന്റെ നിർദേശമായ ഹൈ സ്പീഡ് റെയിൽ പദ്ധതിയുൾപ്പെടെ ചർച്ച ചെയ്യുന്നത്. അഞ്ചുവർഷമായി റെയിൽവേ മന്ത്രാലയത്തിലിരിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കായി പക്ഷേ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ) ഇതുവരെ മുടക്കിയത് 60 കോടിയിലേറെ രൂപയാണ്.
ഡിപിആർ തയാറാക്കിയ സിസ്ട്ര എന്ന കമ്പനിക്കു കൺസൽറ്റേഷൻ ചാർജ് ഉൾപ്പെടെ 30.32 കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞു. ലൊക്കേഷൻ സർവേ നടത്തി അതിരടയാളക്കല്ലുകൾ സ്ഥാപിച്ചതിന് 1.60 കോടി രൂപ ചെലവിട്ടു. ഭൂപ്രകൃതി സർവേക്ക് 2.08 കോടിയും ജിയോ ടെക്നിക്കൽ സർവേക്ക് 86.45 ലക്ഷവും ചെലവായി. ഗതാഗത സർവേയുടെ ചെലവ് 23.75 ലക്ഷമാണെങ്കിൽ, പരിസ്ഥിതി ആഘാത പഠനത്തിനു മുടക്കിയത് 40.12 ലക്ഷം. മണ്ണു പരിശോധനയ്ക്ക് 75.91 ലക്ഷം രൂപയായി. ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ പ്രവർത്തനത്തിനു റവന്യു ജീവനക്കാരുടെ ശമ്പളം, കല്ലിടൽ തുടങ്ങിയ ആവശ്യങ്ങൾക്കായി 11 ജില്ലകളിലേക്കു കലക്ടർമാരുടെ പേരിൽ 20.5 കോടി അനുവദിച്ചിരുന്നു.
ഇതിൽ ഏഴരക്കോടി രൂപ ഈ ആവശ്യങ്ങൾക്കു ചെലവായെന്നാണു വിവരം. കെ റെയിലിലെ ജീവനക്കാരുടെ ശമ്പളത്തിനും വിവിധ ആനുകൂല്യങ്ങൾക്കുമായി 20 കോടിയോളം രൂപ ഇതുവരെ ചെലവിട്ടെന്നാണു ലഭ്യമായ കണക്ക്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നു 100 കോടി രൂപ മൂലധനം മുടക്കിയാണു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ രൂപീകരിച്ചത്. ചെലവായ തുകയിൽ നല്ലൊരു പങ്കും ഈ ഫണ്ടിൽനിന്നാണ്.