ആകാശക്കോട്ടയ്ക്ക് കാവലാളായി തൊടുപുഴക്കാരൻ ജോർജ് തോമസ്

Mail This Article
കോട്ടയം ∙ വ്യോമസേനയുടെ ഡയറക്ടർ ജനറൽ എയർ ഓപ്പറേഷൻസ് (ഡിജിഎഒ) ആയി ചുമതലയേറ്റ എയർ മാർഷൽ ജോർജ് തോമസിനു വ്യോമസേനയോടുള്ള ബന്ധം ബാല്യകാലത്തേ തുടങ്ങിയതാണ്. പിതാവ് പരേതനായ എയർ കമഡോർ തോമസ് വർക്കിയുടെ കൈപിടിച്ച് വ്യോമസേനയുടെ ഓഫിസുകളും സേനാതാവളങ്ങളും കണ്ടുനടക്കേ കുഞ്ഞുജോർജ് വിസ്മയിച്ചിരുന്നു. സ്വപ്നങ്ങൾക്ക് ആകാശം അതിരായി കണ്ട ജോർജിന്റെ അധ്വാനത്തിനു പൊൻചിറകാണ് ഡിജിഎഒ സ്ഥാനവും. ഊട്ടിയിലെ ദ് ലോറൻസ് സ്കൂളിലായിരുന്നു പഠനം.
പിന്നീടു പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു.1989 ജൂൺ 14നു വ്യോമസേനയിൽ ഫൈറ്റർ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 9000 മണിക്കൂറിലേറെ ‘പറന്ന്’ രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രവർത്തിച്ചു. 250 കെഡറ്റുകൾക്ക് ഫ്ലയിങ് പരിശീലനവും നൽകി.വ്യോമസേനാ താവളങ്ങളുടെ കമാൻഡറുമായിരുന്നു. അസമിലെ ചബുവ വ്യോമസേനാ താവളത്തിന്റെ കമാൻഡറായി പ്രവർത്തിക്കുമ്പോൾ താവളത്തിന് പ്രൈഡ് ഓഫ് ഇഎസി പുരസ്കാരം സംയുക്ത സേനാമേധാവിയിൽ നിന്നു ലഭിച്ചു. താവളത്തിന്റെ പ്രവർത്തനമികവു പരിഗണിച്ചായിരുന്നു പുരസ്കാരം.
രാഷ്ട്രപതിയിൽനിന്ന് 2019ൽ അതിവിശിഷ്ട സേവാ മെഡലും 2010ൽ വായുസേനാ മെഡലും ലഭിച്ചു. ഇസ്രയേലിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും വ്യോമസേനയുടെ സിലക്‌ഷൻ ബോർഡിൽ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. തൊടുപുഴ പകലോമറ്റം കുടുംബാംഗമാണു ജോർജ്. മാതാവ് ടെസി തോമസ് കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കുടുംബാംഗമാണ്. യുപി സ്വദേശിയായ അഞ്ജലിയാണു ഭാര്യ. മകൾ മേഘന യുഎസിൽ പിഎച്ച്ഡി ചെയ്യുകയാണ്.