എൽസയുടെ സമീപമെത്തി മുങ്ങൽ വിദഗ്ധർ

Mail This Article
കൊച്ചി ∙ ആലപ്പുഴയ്ക്കു സമീപം കടലിൽ മുങ്ങിക്കിടക്കുന്ന ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ 3ന്റെ സമീപം സാൽവേജ് കമ്പനിയുടെ മുങ്ങൽ വിദഗ്ധർ എത്തി. കടൽത്തട്ടിലെ കപ്പലിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തി. കപ്പലിന്റെയും കണ്ടെയ്നറുകളുടെയും നിലവിലെ അവസ്ഥ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണു കമ്പനി. കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പു പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്.
സിംഗപ്പൂർ ആസ്ഥാനമായ ടി ആൻ ടി സാൽവേജിന്റെ 12 മുങ്ങൽവിദഗ്ധർ ഉൾപ്പെടുന്ന സംഘമാണു നേതൃത്വം നൽകുന്നത്. സാൽവേജ് കമ്പനിയുടെ നന്ദ് സാർഥി, ഓഫ്ഷോർ വാറിയർ എന്നീ യാനങ്ങൾ അപകടമേഖലയിലുണ്ട്. മുങ്ങൽ വിദഗ്ധർ ഇന്നലെയും തിങ്കളാഴ്ചയുമായി പലവട്ടം കടൽത്തട്ടിലെത്തി പരിശോധനകൾ നടത്തി. കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തി.
ഇതിനിടെ, സിംഗപ്പൂർ കപ്പലിനു തീപിടിച്ച അഴീക്കൽ മേഖലയിൽ രക്ഷാദൗത്യങ്ങളിലേർപ്പെട്ടിരുന്ന ഐഎൻഎസ് സത്‌ലജ് എന്ന ഹൈഡ്രോഗ്രഫിക് സർവേ കപ്പലിനെ നാവികസേന തിരികെ വിളിച്ച്, എൽസ 3 മുങ്ങിക്കിടക്കുന്ന മേഖലയിൽ നിയോഗിച്ചു. ഈ കടൽത്തട്ടിന്റെ രണ്ടാം ഘട്ട മാപ്പിങ് സത്‌ലജ് ഏകോപിപ്പിക്കും. കടലിന്റെ ആഴവും അടിത്തട്ടിലെ പ്രതിബന്ധങ്ങളുമുൾപ്പെടെ കണ്ടെത്തി മാപ്പ് ചെയ്ത് കപ്പലുകൾക്കുള്ള നാവിഗേഷൻ ചാർട്ടുകൾ തയാറാക്കുന്നതിൽ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരാണു സത്‌ലജിലേത്.