രക്ഷാപ്രവർത്തനത്തിൽ രാജ്യാന്തര ഏജൻസികളും

Mail This Article
കൊച്ചി ∙ രണ്ടാഴ്ചയ്ക്കിടെ അസാധാരണമായ വിധത്തിൽ 2 കപ്പൽച്ചേതങ്ങളുണ്ടായ കേരളത്തിന്റെ പുറങ്കടലിൽ അരങ്ങേറുന്നതു രാജ്യാന്തര ഏജൻസികളെ ഒപ്പം ചേർത്തുള്ള രക്ഷാ പ്രവർത്തനം. ‘വാൻഹയി 503’ ന്റെ രക്ഷാ– ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കുചേരാൻ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി ഓഫ് സിംഗപ്പൂർ (എംപിഎ) വിദഗ്ധർ രംഗത്തുണ്ട്.
-
Also Read
ഉത്തരമലബാർ തീരത്ത് കണ്ടെയ്നറുകൾ എത്തില്ല
ഇന്ത്യൻ ഏജൻസികളുമായും വെസൽസ് ക്ലാസിഫിക്കേഷൻ സൊസൈറ്റിയുമായും സഹകരിച്ചു രക്ഷാ, തിരച്ചിൽ നടപടികൾക്കാവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുകയാണ് എംപിഎ. തീപിടിത്ത നിയന്ത്രണം, അഗ്നിബാധയുടെ അവസ്ഥ, ചെരിഞ്ഞു കൊണ്ടിരിക്കുന്ന കപ്പലിന്റെ തൽസ്ഥിതി തുടങ്ങിയ വിവരങ്ങളാണ് എംപിഎ ഇന്ത്യൻ ഏജൻസികളുമായി പങ്കുവയ്ക്കുന്നത്. പരിസ്ഥിതി ആഘാതം സംബന്ധിച്ച വിവരങ്ങളും കൈമാറും. കണ്ടെയ്നറുകൾ നീക്കുന്നത് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി ഡച്ച് സാൽവേജ് കമ്പനിയായ സ്മിറ്റ് സാൽവേജും അറബിക്കടലിൽ ഇറങ്ങും.
മേയ് 24 ന് ആലപ്പുഴ തോട്ടപ്പള്ളി പുറങ്കടലിൽ മുങ്ങിയ ചരക്കു കപ്പൽ ‘എംഎസ്‌സി എൽസ 3’യിൽ നിന്നു കണ്ടെയ്നറുകളും ഇന്ധനവും നീക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി യുഎസ് കമ്പനിയായ ടി ആൻഡ് ടി സാൽവേജിലെ വിദഗ്ധർ ദിവസങ്ങളായി പ്രവർത്തിച്ചു വരികയാണ്. പരിസ്ഥിതി, സമുദ്ര മലിനീകരണരംഗത്തു പ്രവർത്തിക്കുന്ന രാജ്യാന്തര പ്രസ്ഥാനമായ ദി ഇന്റർനാഷനൽ ടാങ്കർ ഓണേഴ്സ് പൊല്യൂഷൻ ഫെഡറേഷന്റെ (ഐടോഫ്) സാങ്കേതിക പിന്തുണയും ലഭിക്കുന്നുണ്ട്. ആഗോളതലത്തിൽ കപ്പൽ കമ്പനികൾ ചേർന്നു സ്ഥാപിച്ചതാണു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം, കോസ്റ്റ്‌ഗാർഡ്, നാവിക സേന, സംസ്ഥാന സർക്കാർ ഏജൻസികൾ എന്നിവയുമായി ചേർന്നാണു വിദേശ ഏജൻസികളുടെയും പ്രവർത്തനം.