കടലാഴത്തിൽ ആ കപ്പൽ; കൊച്ചിയിൽ 18 വർഷം മുൻപ് മുങ്ങിയ കപ്പൽ ഇപ്പോഴും കടലിനടിയിൽ

Mail This Article
കൊച്ചി ∙ രണ്ടാഴ്ചയ്ക്കിടെ കേരളത്തിന്റെ പുറങ്കടലിൽ രണ്ടാമത്തെ കപ്പലും അപകടത്തിൽപ്പെടുമ്പോൾ 18 വർഷം മുൻപു കൊച്ചി കപ്പൽച്ചാലിനു സമീപം മുങ്ങിയ ‘എംവി മരിയ എസ്’ എന്ന ചരക്കു കപ്പൽ ഇപ്പോഴും കടലിനടിയിൽ തന്നെ. ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മിഷന്റെ മേൽനോട്ടത്തിൽ കപ്പൽ ഉയർത്താൻ നടത്തിയ ശ്രമങ്ങളും ഫലം കാണാതെ വന്നതോടെ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. ചൈനയിൽ നിന്ന് അൽബേനിയയിലേക്കു പോയ, അൽബേനിയൻ കപ്പലായ മരിയ എസ് 2007 ജൂൺ 30 നാണു മുങ്ങിയത്. ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കപ്പലിലെ ഡീസൽ പടർന്നെങ്കിലും വലിയ ആശങ്കയ്ക്കിടയാക്കിയില്ല. പക്ഷേ, മുങ്ങിക്കിടന്ന കപ്പലിൽ തട്ടി മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നതു പതിവായിരുന്നു. പിന്നീട് ഈ മേഖല ‘ബോയെ’ ഇട്ട് അടയാളപ്പെടുത്തി.
-
Also Read
എൽസ–3 അപകടം: നഷ്ടപരിഹാര ചർച്ച തുടങ്ങാം
കപ്പൽ ഉയർത്താൻ പോർട്ട് ട്രസ്റ്റ് ബാങ്ക് ഗാരന്റി ആവശ്യപ്പെട്ടതു സംബന്ധിച്ചു തർക്കമുന്നയിച്ചാണു കമ്പനി ഹൈക്കോടതിയിലെത്തിയത്. അഭിഭാഷക കമ്മിഷന്റെ മേൽനോട്ടത്തിൽ സ്വന്തം നിലയ്ക്കു കപ്പൽ ഉയർത്താൻ അനുമതി നേടി. സാൽവേജ് ഓപ്പറേഷന്റെ 80% നടത്തി; 20% ഇപ്പോഴും വെള്ളത്തിലുണ്ടെന്ന് ഹൈക്കോടതി അന്നു കമ്മിഷനായി നിയമിച്ച അഡ്വ. ദയാനന്ദ പ്രഭു പറഞ്ഞു. കപ്പൽ പൊക്കാൻ കമ്പനി ആവതു നോക്കി. പണച്ചെലവ് ഏറിയപ്പോൾ കൊച്ചിയിലെ തന്നെ മറ്റൊരു കമ്പനിക്കു വിറ്റു. അവരും ശ്രമിച്ചു. 4–5 വർഷത്തോളം ജോലി തുടർന്നു. പിന്നെ കോടതി കേസ് തീർപ്പാക്കി. കപ്പലിന്റെ ഉടമയ്‌ക്കും ക്യാപ്‌റ്റനുമെതിരെ കൊച്ചി ഹാർബർ പൊലീസ് കേസ് എടുത്തിരുന്നു. അനുമതിയില്ലാതെ കപ്പൽച്ചാലിൽ പ്രവേശിച്ചെന്നും ഇൻഷുറൻസ് രേഖകൾ ഇല്ലെന്നും ആരോപിച്ചുള്ള ഈ കേസും കോടതി നടപടികളിലേക്കു നീണ്ടു.