ചുട്ടുപഴുത്ത കപ്പൽ; അകത്ത് ഇന്ധനം, ആൽക്കഹോൾ; ആദ്യശ്രമങ്ങൾ വാൻ ഹയി കപ്പൽ തണുപ്പിക്കാൻ

Mail This Article
കൊച്ചി ∙ തീപിടിച്ചു പഴുത്തിരിക്കുന്ന കപ്പലിന്റെ വശങ്ങൾ, ബങ്കർ ടാങ്കിലെ ഇന്ധനം, കണ്ടെയ്നറുകളിലുള്ള 32 ടൺ ആൽക്കഹോൾ അടങ്ങിയ നൈട്രോ സെല്ലുലോസ്... വാൻ ഹയി കപ്പൽ രക്ഷാപ്രവർത്തനത്തിന് ഭീഷണി സൃഷ്ടിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ചൂണ്ടിക്കാട്ടുന്നത് ഈ ഘടകങ്ങളാണ്. വശങ്ങൾ തണുപ്പിക്കാതെ കപ്പലിൽ ടോവിങ് ലൈൻ ഘടിപ്പിക്കാനോ കെട്ടിവലിക്കാനോ സാധിക്കില്ല. വെള്ളവും പതയും കപ്പലിന്റെ മുൻവശത്തും പിന്നിലും ശക്തമായി പമ്പ് ചെയ്ത് തണുപ്പിക്കാനുള്ള ശ്രമമാണ് ഇന്നലെ രക്ഷാപ്രവർത്തകർ പ്രധാനമായും നടത്തിയത്.
ആലപ്പുഴ തീരക്കടലിൽ മൂന്നാഴ്ച മുൻപു മുങ്ങിയ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ 3 സാൽവേജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ടി ആൻഡ് ടി സാൽവേജിനെ തന്നെയാണ് വാൻ ഹയി ദൗത്യവും ഏൽപിച്ചിരിക്കുന്നത്. തീ കെടുത്തുക, കപ്പൽ അപകടകരമാം വിധം കരയിലേക്കു നീങ്ങുകയാണെങ്കിൽ ഉൾക്കടലിൽ സുരക്ഷിത മേഖലയിലേക്കു കെട്ടിവലിക്കുക, ഒഴുകുന്ന കണ്ടെയ്നറുകൾ കടലിൽവച്ചുതന്നെ സുരക്ഷിതമായി നീക്കുക എന്നിവയ്ക്കാണു സാൽവേജ് പ്രവർത്തനങ്ങളിൽ പ്രാമുഖ്യം നൽകുന്നത്.
കോസ്റ്റ്ഗാർഡ് യാനങ്ങളായ സമുദ്രപ്രഹരി, സമർഥ്, സചേത് എന്നിവയും നാവികസേനാ കപ്പലായ ഐഎൻഎസ് സത്‌ലജുമാണ് ഇന്നലെ രാവിലെ മുതൽ തീ കെടുത്തൽ ദൗത്യത്തിനുണ്ടായിരുന്നത്. ഓഫ്ഷോർ സപ്ലൈ യാനങ്ങളായ ഓഫ്ഷോർ വോറിയർ, ട്രൈടൺ ലിബർട്ടി എന്നിവയും കപ്പലുകളെ കെട്ടിവലിച്ചു നീക്കാനാവുന്ന ടോവിങ് വെസൽ വാട്ടർ ലിലിയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ഡോണിയർ വിമാനങ്ങൾ മേഖലയിൽ പലവട്ടം നിരീക്ഷണപ്പറക്കൽ നടത്തി.
2 ജീവനക്കാർക്ക് 35– 40% വരെ പൊള്ളൽ
മംഗളൂരു ∙ ആശുപത്രിയിലുള്ള 6 കപ്പൽ ജീവനക്കാരിൽ രണ്ടുപേർക്ക് 35– 40% പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കപ്പലിലെ ഓയിലർ ചൈനയിൽനിന്നുള്ള ലു യൻലി, ഫിറ്റർ ഇന്തൊനീഷ്യ സ്വദേശി സോനിറ്റൂർ ഹയേനി എന്നിവർ ഐസിയുവിലാണ്. ചൈനയിൽനിന്നുള്ള സെക്കൻഡ് ഓഫിസറായ ഗ്വോ ലിനിങ്ങിന് രാസവസ്തുമൂലം പൊള്ളലേറ്റതായി എജെ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ.ദിനേശ് കദം അറിയിച്ചു. കപ്പൽക്കമ്പനിയുടെ ഇന്ത്യയിലെ ഏജന്റായ അബ്രാവോ ഗ്രൂപ്പ് ഓഫ് കമ്പനീസാണ് നിലവിൽ ആശുപത്രിച്ചെലവുകൾ വഹിക്കുന്നത്.