ജല ജീവൻ പദ്ധതി: കരാറുകാർക്ക് നൽകാനുള്ളത് 4,874 കോടി

Mail This Article
ആലപ്പുഴ ∙ ജല ജീവൻ പദ്ധതിയിൽ സംസ്ഥാനത്തെ കരാറുകാർക്കു നൽകാനുള്ളതു 4,874 കോടി രൂപ. ഏപ്രിൽ 30 വരെയുള്ള കണക്കാണിത്. കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളിക്കു ലഭിച്ച വിവരാവകാശ മറുപടിയിലാണു ജല അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ആയിരത്തിൽ താഴെ കരാറുകാർക്കാണ് ഇത്രയും തുക നൽകാനുള്ളത്. ഏപ്രിൽ വരെ 44718.78 കോടിയുടെ പണികൾക്കു ഭരണാനുമതി നൽകിയിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യവിഹിതം നൽകുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാർ 5951.89 കോടി നൽകിയപ്പോൾ കേന്ദ്രസർക്കാർ 5,508.92 കോടിയാണു നൽകിയത്.
പദ്ധതിയുടെ കാലാവധി 2024ൽ അവസാനിച്ചപ്പോൾ ആദ്യം ഒരുവർഷം കൂടിയും പിന്നീടു 2028 വരെയും നീട്ടിയിരുന്നു. ഭരണാനുമതി ലഭിച്ച പണികൾ 2028ൽ പൂർത്തിയാക്കണമെങ്കിൽ കേന്ദ്രം 16,848.47 കോടിയും സംസ്ഥാനം 16,425.5 കോടിയും ചെലവിടണം. പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇത്തവണത്തെ ബജറ്റിൽ 560 കോടി മാത്രമാണു വകയിരുത്തിയത്. കുടിശിക ഉയർന്നതോടെ മിക്ക കരാറുകാരും പ്രതിസന്ധിയിലായി. പണികൾ നിലയ്ക്കുകയും ചെയ്തു. പണം വകയിരുത്താതെ ഭരണാനുമതി നൽകുകയും ടെൻഡർ വിളിക്കുകയും ചെയ്തതാണു പ്രതിസന്ധിക്കു കാരണമെന്നു കരാറുകാർ പറയുന്നു. ഈ മാസം 30നു മുൻപു കുടിശിക തീർക്കുകയും ബാക്കി പണത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്തില്ലെങ്കിൽ നഷ്ടപരിഹാരം ഉൾപ്പെടെ ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും കരാറുകാർ പറയുന്നു.