കപ്പൽ മുങ്ങിയാൽ ഒത്തുതീർപ്പ്, കടൽക്കൊലക്കേസിൽ വേണ്ട; എൽഡിഎഫ് നിലപാടുകളിൽ വൈരുധ്യം

Mail This Article
തിരുവനന്തപുരം∙ എംഎസ്‌സി എൽസ–3 കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസില്ലാതെ ഒത്തുതീർപ്പിലൂടെ സാമ്പത്തിക സഹായം നേടിയെടുക്കാനാണു സർക്കാർ ശ്രമിച്ചതെങ്കിൽ, 2012ലെ കടൽക്കൊലക്കേസിൽ എൽഡിഎഫ് നിലപാട് കടകവിരുദ്ധമായിരുന്നു. കോടതിക്കു പുറത്ത്, ഇറ്റലി സർക്കാരും വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബവും ഒത്തുതീർപ്പുണ്ടാക്കുന്നതിനെ അന്ന് എൽഡിഎഫ് തുറന്നെതിർത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അറിവോടെയല്ലാതെ ഈ ഒത്തുതീർപ്പുശ്രമം നടക്കില്ലെന്നാരോപിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നായിരുന്നു വിഎസിന്റെ ആരോപണം. നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ 2 മത്സ്യത്തൊഴിലാളികളാണ് 2012 ഫെബ്രുവരി 15നു വെടിയേറ്റു മരിച്ചത്.
എൻറിക്ക ലെക്സി എന്ന കപ്പലിനു സുരക്ഷയൊരുക്കിയിരുന്ന ഇറ്റാലിയൻ നാവികരുടെ വെടിയേറ്റായിരുന്നു മരണം. നാവികർ അറസ്റ്റിലായി. പിന്നീട് സുപ്രീംകോടതിയിലും രാജ്യാന്തര ട്രൈബ്യൂണലിലും കേസ് എത്തി. ഇറ്റലി 10 കോടി രൂപ കെട്ടിവച്ചു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കും തൊഴിലാളികൾക്കുമായി നഷ്ടപരിഹാരത്തുകയായ 10 കോടി രൂപ വീതിച്ചു നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണു കേസ് അവസാനിച്ചത്. എംഎസ്‌സി എൽസ–3 മുങ്ങി കണ്ടെയ്നറുകളിലെ രാസവസ്തുക്കൾ കടലിൽ പരന്ന സംഭവത്തിൽ രണ്ടാഴ്ച കാത്തിരുന്ന ശേഷം, പ്രതിഷേധത്തിനൊടുവിലാണു സർക്കാർ കേസെടുത്തത്. കോടതിക്കു പുറത്തുള്ള ചർച്ചയിലൂടെയും ഒത്തുതീർപ്പിലൂടെയും നഷ്ടപരിഹാരം നേടിയെടുക്കാമെന്ന നിലപാടാണ് ഈ സംഭവത്തിൽ സർക്കാർ സ്വീകരിച്ചത്.