മുഖ്യമന്ത്രിക്കുനേരെ ‘വധശ്രമം’: 3 വർഷമായിട്ടും കുറ്റപത്രമില്ല

Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിന് ഇന്നേക്ക് 3 വർഷം തികഞ്ഞിട്ടും കുറ്റപത്രം നൽകാതെ പ്രത്യേക അന്വേഷണ സംഘം. ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിന് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, ആർ.കെ.നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ വധശ്രമത്തിനു കേസെടുക്കുകയും വ്യോമയാന നിയമത്തിലെ ഗുരുതര വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശരിവയ്ക്കുകയാണ് കുറ്റപത്രം വൈകിപ്പിക്കുന്ന പൊലീസ് നടപടി.
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ 6 ഇ– 7407 വിമാനത്തിൽ 2022 ജൂൺ 13ന് ആണ് സംഭവം. വിമാനം ലാൻഡ് ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ‘നിന്നെ ഞങ്ങൾ വച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത് കൊല്ലാൻ ശ്രമിച്ചെന്നും വിമാന സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നുമാണ് കേസ്. പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധത്തെ വധശ്രമമായും വിമാന സുരക്ഷാ ഭീഷണിയായും കൈകാര്യം ചെയ്ത് കേസെടുത്തതിൽ സംഭവിച്ച പാളിച്ചകളാണ് കുറ്റപത്രം നൽകാത്തതിനു പിന്നിലെന്നാണു കരുതുന്നത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.അനിൽകുമാറിന്റെ പരാതിയിലായിരുന്നു കേസ്. വ്യോമയാന നിയമത്തിലെ (1982) വകുപ്പ് 3 (1) (എ) പ്രകാരം കുറ്റം ചുമത്തണമെങ്കിൽ കേന്ദ്ര അനുമതി വേണം. വിമാനം തട്ടിക്കൊണ്ടു പോകൽ കേസിലും മറ്റും ചുമത്തുന്ന വകുപ്പ് ഈ കേസിൽ നിലനിൽക്കാത്തതിനാൽ കേന്ദ്രാനുമതി ലഭിക്കില്ല. അങ്ങനെ വന്നാൽ നിലവിൽ ചുമത്തിയ ചില വകുപ്പുകൾ ഉപേക്ഷിക്കേണ്ടി വരും. ഇതു മനസ്സിലാക്കിയാണ് പൊലീസ് പിന്തിരിയുന്നതെന്നാണു വിവരം. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്നു കാണിച്ച് നൽകിയ പരാതിയിൽ കോടതി നിർദേശ പ്രകാരം എടുത്ത കേസിലും തുടർ നടപടികൾ നിലച്ചു.