അശോകസ്തംഭത്തെ വികലമായി ചിത്രീകരിച്ച് പോസ്റ്റിട്ടു; സിപിഎം മുൻനേതാവ് അറസ്റ്റിൽ

Mail This Article
കൊയിലാണ്ടി (കോഴിക്കോട്) ∙ അശോകസ്തംഭത്തെ വികലമായി ചിത്രീകരിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് സിപിഎം മുൻ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ എൻ.വി.ബാലകൃഷ്ണനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഫാഷിസത്തിനെതിരെ ജനാധിപത്യ വേദിയുടെ പോസ്റ്റ് ഈവർഷം ഫെബ്രുവരി 25നു ഫെയ്സ്ബുക്കിൽ പങ്കുവച്ചതിനാണു പൊലീസ് സ്വമേധയാ കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഇദ്ദേഹത്തെ പിന്നീടു ജാമ്യത്തിൽ വിട്ടു. ബിഎൻസ് സെക്‌ഷൻ 352 (കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ട് അപമാനിക്കൽ), ദേശീയവികാരത്തെ വ്രണപ്പെടുത്തൽ സംബന്ധിച്ച നിയമത്തിലെ രണ്ടാം വകുപ്പ് എന്നിവ പ്രകാരമാണു കേസ്.
അതേസമയം, പൊലീസ് കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിനാണെന്ന് ആരോപണം ഉയർന്നു. സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന എൻ.വി. ബാലകൃഷ്ണൻ വിഎസ് പക്ഷക്കാരനായിരുന്നു. അംഗത്വം പുതുക്കാതിരുന്ന ബാലകൃഷ്ണനെ 3 വർഷം മുൻപാണു സിപിഎം പുറത്താക്കിയത്. തുടർന്ന്, ജനാധിപത്യവേദിയിൽ ചേരുകയായിരുന്നു. നിലവിൽ വേദിയുടെ നിർവാഹകസമിതി അംഗമാണ്. പൊതുമണ്ഡലത്തിലുള്ള അശോകസ്തംഭമാണു താൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും സിപിഎം സമ്മർദമാണു പൊലീസിന്റെ നടപടിക്കു പിറകിലെന്നും ബാലകൃഷ്ണൻ ആരോപിച്ചു. പൊലീസ് നടപടിയിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പ്രതിഷേധിച്ചു.