വീട്ടമ്മയുടെ മരണത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്; നിർണായകമായി ഫൊറൻസിക് സർജന്റെ നിഗമനങ്ങൾ

Mail This Article
പീരുമേട് ∙ സീതയുടെ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തിയ ഫൊറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണന്റെ നിഗമനങ്ങൾ, കണ്ടെത്തലുകൾ എന്നിവയാണ് കാട്ടാനയാക്രമണത്തിൽനിന്നു കൊലപാതകസാധ്യതയിലേക്ക് സംഭവത്തെ എത്തിച്ചത്. പൊലീസിനു ലഭിച്ച ഈ നിഗമനങ്ങളിൽനിന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
വനംവകുപ്പ് ജീവനക്കാരും സംശയം പ്രകടിപ്പിച്ചു
പീരുമേട് ∙ സീതയെ ആശുപത്രിയിൽ എത്തിച്ച വനംവകുപ്പ് ജീവനക്കാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിൽനിന്നാണ് മരണത്തിലെ ദുരൂഹതയെക്കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയർന്നതെന്ന് കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ്. സംഭവം നടന്നതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി തന്നെ ഡിഎഫ്ഒ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. സംശയത്തിലേക്കു നയിച്ച വെള്ളിയാഴ്ചയിലെ സംഭവങ്ങൾ ഡിഎഫ്ഒ വിശദീകരിക്കുന്നു: ‘‘സീതയെയും ബിനുവിനെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച വനപാലകർ വെള്ളിയാഴ്ച രാത്രി നൽകിയ വിവരങ്ങൾ സംഭവത്തിലെ ദുരൂഹത ബലപ്പെടുത്തി. സീതയെ ആക്രമിച്ചതിനു പിന്നാലെ കാട്ടാന തന്നെയും എടുത്തെറിഞ്ഞതായാണ് ബിനു പറഞ്ഞിരുന്നത്. ആന ചെറുതായി ഒന്നു തട്ടിയാൽ പോലും ഉണ്ടാകേണ്ടിയിരുന്ന പരുക്കുകൾ ബിനുവിന്റെ ശരീരഭാഗങ്ങളിൽ കണ്ടില്ല. ചതവുകൾ പോലും ഇല്ലെന്നും മാത്രമല്ല കാര്യമായ അസ്വസ്ഥതകളും പ്രകടിപ്പിച്ചില്ല. വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനായില്ല. പീരുമേട് ഡിവൈഎസ്പിയോട് വനംവകുപ്പിന്റെ സംശയങ്ങൾ വെള്ളിയാഴ്ച രാത്രി തന്നെ അറിയിച്ചിരുന്നു’’.
ഓരോ മണിക്കൂറിലും ഞെട്ടിക്കുന്ന വിവരങ്ങൾ
പീരുമേട് ∙ കാട്ടാനയാക്രമണം കൊലപാതകസൂചനയിലേക്കു നയിച്ച വമ്പൻ ട്വിസ്റ്റാണ് പീരുമേട്ടിൽ സംഭവിച്ചത്. വെള്ളിയാഴ്ച പകൽ മുതൽ ഇന്നലെ വരെ തോട്ടാപ്പുര സ്വദേശി സീതയുടെ മരണത്തെക്കുറിച്ച് ഓരോ മണിക്കൂറിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ആശങ്കയിലായ മണിക്കൂറുകളിൽ സംഭവച്ചതിങ്ങനെ;
∙ വെള്ളിയാഴ്ച പകൽ
2.00 : വനംവകുപ്പിന്റെ താൽക്കാലിക വാച്ചർ കൂടിയായ ബിനു തന്നെയും സീതയെയും കാട്ടാന ആക്രമിച്ചതായും സീതയ്ക്കു പരുക്കേറ്റതായും വനപാലകരെയും ബന്ധുക്കളെയും അറിയിക്കുന്നു.
2.15 : മീൻമുട്ടിയിലേക്ക് ബന്ധുക്കളും വനപാലകരും പുറപ്പെടുന്നു. പാതിവഴി എത്തിയപ്പോൾ ഇരുവരെയും കണ്ടെത്തി. തുടർന്ന് തോട്ടാപ്പുര വരെ ചുമന്ന് എത്തിച്ച ശേഷം സീതയെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക്.
3.15: സീതയുടെ മരണം താലൂക്ക് ആശുപത്രിയിൽ സ്ഥിരീകരിക്കുന്നു. ബിനുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
3.30: ജനപ്രതിനിധികൾ, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ.
4.30: ബിനുവിനെ എക്സ്റേ ഉൾപ്പെടെ വിദഗ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നു.
5.00: കാട്ടാനയാക്രമണത്തിൽ വനം വകുപ്പിനെതിരെ സിപിഎം, കോൺഗ്രസ് പ്രതിഷേധം.
8.00: കോട്ടയം ഡിഎഫ്ഒ പീരുമേട് താലൂക്ക് ആശുപത്രിയിൽ. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നും ആദ്യ ഗഡു ബന്ധുക്കളുടെ രേഖകൾ സമർപ്പിച്ചാൽ കൈമാറാമെന്നും അറിയിച്ചു.
∙ ഇന്നലെ
രാവിലെ 9.30: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ആരംഭിച്ചു. 12.30ന് അവസാനിച്ചു.
12.45: മൃതദേഹം ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് ഏറ്റുവാങ്ങി.
1.00: കാട്ടാനയാക്രമണം അല്ലെന്ന തന്റെ നിഗമനം ഫൊറൻസിക് സർജൻ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നു. (ഈ സമയം സീതയുടെ മൃതദേഹം തോട്ടാപ്പുരയിൽ സംസ്കരിച്ചു)
7.30: കാട്ടാനയാക്രമണം മൂലം തന്നെയാണ് സീതയുടെ മരണം എന്നു വിവരിച്ചു ബിനുവിന്റെ വിഡിയോ പുറത്തുവരുന്നു.
സീതയുടെ മരണം കാട്ടാന ആക്രമണത്തിലെന്ന് ആവർത്തിച്ച് ഭർത്താവ് ബിനു
പീരുമേട് ∙ സീതയുടെ മരണകാരണം കാട്ടാനയാക്രമണത്തിൽ സംഭവിച്ചതാണെന്ന് ഭർത്താവ് ബിനു ഇന്നലെ രാത്രി വീണ്ടും ആവർത്തിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് വിശദീകരണവുമായി എത്തിയത്. പറഞ്ഞതിങ്ങനെ: കാട്ടാന സീതയെ ആദ്യം തട്ടിയിട്ടു, ഞാൻ ആനയെ കൈകൊണ്ട് അടിച്ചു. അപ്പോഴേക്കും കാട്ടാന എന്നെ ദൂരേക്ക് അടിച്ചെറിഞ്ഞു. എന്റെ നെഞ്ചിന് ഇപ്പോഴും വേദനയുണ്ട്. അപ്പോഴേക്കും മകൻ ഷാജിമോൻ ‘അമ്മേ’ എന്നു വിളിച്ച് ഓടിയെത്തി, ഷാജിമോനോട് ഞാൻ പറഞ്ഞത് എന്നെ നോക്കേണ്ട, അമ്മയെ വേഗത്തിൽ മാറ്റാനാണ്. തുടർന്ന് ആനയുടെ അടിയിൽ നിന്ന് ഷാജിമോൻ സീതയെ മാറ്റി. തുടർന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പട്ടിയാണ് കാട്ടാനയെ കടിച്ച് ഓടിച്ചത്. അമ്മയെ കാട്ടാന തട്ടിത്തെറിപ്പിച്ചെന്നും മാറാപ്പ് കെട്ടിയതിലെ സാധനങ്ങൾ തെറിച്ചുപോയെന്നും മകൻ ഷാജിമോനും പറഞ്ഞു.