ADVERTISEMENT

കോട്ടയം ∙ മധ്യപ്രദേശിൽ എസ്ബിഐക്ക് കൊച്ചി ബ്രാഞ്ച്! പൂട്ടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ. മധ്യപ്രദേശ് സാഗർ ജില്ലയിലെ മക്രോനിയ മുനിസിപ്പൽ ഡിവിഷനിലെ വ്യാജ ബാങ്കാണു മലയാളിയുടെ ഇടപെടലിൽ ഉദ്യോഗസ്ഥർ അടപ്പിച്ചത്. ‘യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള’ എന്ന പേരിൽ മക്രോനിയ റെയിൽവേ സ്റ്റേഷൻ റോഡിലാണു തട്ടിപ്പുബാങ്ക് കണ്ടെത്തിയത്. സംഭവം ഇങ്ങനെ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സാഗർ ജില്ലയിലെ ബ്രാഞ്ച് മാനേജരായി ഒരു വർഷമായി ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി അരുൺ അശോകിന്റെ ശ്രദ്ധയിൽ കഴി‍ഞ്ഞ ശനിയാഴ്ചയാണ് ഈ ‘ബാങ്ക്’ പെട്ടത്. നേരത്തേ എസ്ബിഐയിലാണ് അരുൺ ജോലി ചെയ്തിരുന്നത്. പഴകിയ കെട്ടിടത്തിലായിരുന്നു ‘ബ്രാഞ്ച്.’ ഫോണിൽ ലൊക്കേഷൻ ടാഗ് അടക്കം ചിത്രമെടുത്ത് സഹപാഠിയായ കൈപ്പുഴ സ്വദേശി എസ്.ഹൃഷികേശിന് അയച്ചു.

എസ്ബിഐ മാങ്ങാനം ബ്രാഞ്ചിലെ ക്ലാർക്കായ ഹൃഷികേശ് എസ്ബിഐ ഓഫിസേഴ്സ് അസോസിയേഷൻ (എസ്ബിഐഒഎ) ഭാരവാഹികൾക്കു ചിത്രം കൈമാറി. എസ്ബിഐഒഎ സംസ്ഥാന ഭാരവാഹികൾ ഭോപാലിലെ അസോസിയേഷൻ നേതാക്കളെ ബന്ധപ്പെടുകയും അവരെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു.പരിശോധനയിൽ എസ്ബിഐയുടെ ഔദ്യോഗിക ലോഗോയോടു സമാനമായ ലോഗോ, സാലറി സ്ലിപ്പുകൾ, വ്യാജ രേഖകൾ എന്നിവ കണ്ടെടുത്തു. എന്നാൽ, പരിശോധനയിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ലെന്നും അതിനാൽ നിലവിൽ അറസ്റ്റ് നടന്നിട്ടില്ലെന്നും ഭോപാലിലെ എസ്ബിഐഒഎ ഭാരവാഹികൾ കേരള ഭാരവാഹികളെ അറിയിച്ചു. പൊലീസ് വ്യാജ ബാങ്ക് അടപ്പിച്ചു. വ്യാജ സാലറി സ്ലിപ്പുകൾ കണ്ടെത്തിയതിനാൽ തൊഴിൽ തട്ടിപ്പും സംശയിക്കുന്നു. എസ്ബിഐ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണവും ആരംഭിച്ചു.

‘പാർട്ണേഴ്സ് ’ പറഞ്ഞ കഥ

ധ്യാൻ ശ്രീനിവാസൻ നായകനായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ‘പാർട്ണേഴ്സ്’ പറഞ്ഞതും ഇതുപോലെ ഒരു വ്യാജ ബാങ്കിന്റെ കഥ. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലയിലെ ഉൾഗ്രാമത്തിൽ ബ്രാഞ്ച് തുറക്കാൻ അഞ്ചുപേരെത്തുന്നതും അതു വ്യാജ ബ്രാഞ്ച് ആണെന്ന് അവർ തിരിച്ചറിയുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണു സിനിമയുടെ കഥ. നവീൻ ജോണാണു സംവിധായകൻ.

English Summary:

Fraudulent Bank in Madhya Pradesh: Fake SBI Branch in Madhya Pradesh Shut Down Thanks to Alert Malayali Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com