ചലച്ചിത്ര മേഖലയിൽ ജോലി വേണോ? ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം, നിബന്ധനയുമായി നിർമാതാക്കൾ

Mail This Article
കൊച്ചി ∙ മലയാള ചലച്ചിത്ര മേഖലയിൽ ജോലി ചെയ്യണോ? ചിത്രീകരണ വേളയിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നു സത്യവാങ്മൂലം നൽകേണ്ടി വരും. വേതന കരാറിനൊപ്പം, ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കാനാണു മലയാള ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നീക്കം. സിനിമയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും നിബന്ധന ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്താനാണ് ആലോചന.
ലഹരി ഉപയോഗത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണു ലൊക്കേഷനുകളിലും ചിത്രീകരണത്തിനും അനുബന്ധ ജോലികൾക്കുമായി താമസിക്കുന്ന സ്ഥലത്തും ലഹരി ഉപയോഗിക്കില്ലെന്നു സത്യവാങ്മൂലം വാങ്ങാനുള്ള നീക്കം. മറ്റു ചലച്ചിത്ര സംഘടനകളുമായും ഇതു സംബന്ധിച്ചു കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്ക’യ്ക്കും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കും ഇതു സംബന്ധിച്ച കത്തും നിർദിഷ്ട സത്യവാങ്‌മൂലത്തിന്റെ പകർപ്പും കൈമാറി. ഫെഫ്ക അനുകൂല അഭിപ്രായം അറിയിച്ചതായാണു സൂചന. ‘അമ്മ’ ജനറൽ ബോഡിയിൽ വിഷയം ചർച്ച ചെയ്യും. അതിനു ശേഷമാകും നിലപാട് അറിയിക്കുക. 24 നു മുൻപ് അഭിപ്രായം അറിയിക്കണമെന്നാണ് ‘അമ്മ’യോട് അഭ്യർഥിച്ചിട്ടുള്ളത്.
‘ചിത്രീകരണ വേളയിലോ അനുബന്ധ ജോലികളുടെ സമയത്തോ അതുമായി ബന്ധപ്പെട്ടു താമസിക്കുന്ന സ്ഥലത്തോ ലഹരി പദാർഥങ്ങൾ ഉപയോഗിക്കില്ലെന്നും വ്യവസ്ഥ ലംഘിച്ചാൽ അതു മൂലം നിർമാതാവിന് എന്തെങ്കിലും നഷ്ടമുണ്ടായാൽ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും’ എഴുതി ഒപ്പിട്ട സത്യവാങ്മൂലമാണു നൽകേണ്ടത്. ഈ മാസം 4 നു ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിലാണു നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തത്.