Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമം

rain-flower

തിരുവനന്തപുരം∙ വരൾച്ച രൂക്ഷമായതോടെ കേരളത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണച്ചു. കൃത്രിമ മഴയ്ക്കൊപ്പം കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സാധ്യത ആരായണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

വരൾച്ചയെ പ്രതിരോധിക്കുന്നതിലുള്ള സർക്കാരിന്റെ വീഴ്ചകളെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസിന്മേൽ നടന്ന ചർച്ചയ്ക്കൊടുവിലാണു പുതിയ നീക്കം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. വാഗ്ദാനങ്ങളെയെല്ലാം പിന്തുണയ്ക്കുന്നുവെങ്കിലും ഇതുവരെ ചെയ്തതൊന്നും പര്യാപ്തമല്ലാത്തതിനാൽ പ്രതിപക്ഷം ഇറങ്ങിപ്പോകുന്നുവെന്നു ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷത്തിനൊപ്പം കേരള കോൺഗ്രസും  ഇറങ്ങിപ്പോയി. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ നല്ലവനും സൗമ്യനുമാണെങ്കിലും ഇക്കാര്യത്തിൽ പൂർണ പരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കുലറുകളും വിഡിയോ കോൺഫറൻസുകളും വിവരിച്ചാൽ വെള്ളം കിട്ടില്ലെന്നു പ്രമേയ നോട്ടിസ് അവതരിപ്പിച്ചു ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. ടാങ്കർ ലോറികൾ വഴി വെള്ളം എത്തിക്കുന്നതിനു പണം തടസ്സമല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കിയോസ്‌കുകൾ വഴിയുള്ള ജല വിതരണത്തിനു പുറമെയാണിത്. എല്ലാ ജില്ലകളും വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചുതന്നെ മുന്നൊരുക്കം നടത്തിയെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു.

പാറമടകളിലെയും കുളങ്ങളിലെയും വെള്ളം ശുചീകരിക്കുന്നതിനു റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ സ്ഥാപിക്കുമെന്നു മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.  മുന്നൊരുക്കത്തിന്റെ ഫലമായാണ് ഇപ്പോൾ ശുദ്ധജല വിതരണം വലിയ പരാതികളില്ലാതെ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചു.

കൃത്രിമ മഴ വിജയിക്കുമോ?

മഴലഭ്യതയിൽ 5 – 25% വർധനയുണ്ടാക്കാം. ഒരിടത്തും പൂർണവിജയം നേടിയിട്ടില്ല.

ചൈന, യുഎഇ

കൃത്രിമ മഴ പെയ്യിക്കുന്നതിൽ മുന്നിൽ ചൈന. യുഎഇ അടുത്ത കാലത്ത് കൃത്രിമമഴ പെയ്യിക്കുന്നതിൽ വിജയിച്ചു.

വിൻസെന്റ് ഷെയ്‌ഫർ

1946ൽ ആദ്യമായി കൃത്രിമ മഴ  സാങ്കേതികവിദ്യ രൂപപ്പെടുത്തിയ അമേരിക്കൻ ശാസ്ത്രജ്ഞൻ.

കൃത്രിമ മഴ എന്ത്? എങ്ങനെ?

പെയ്യാൻ മടിച്ചു നിൽക്കുന്ന മഴമേഘങ്ങളെ സിൽവർ അയഡൈഡ് എന്ന രാവസ്തു വിതറി തണുപ്പിച്ച് താഴേക്ക് പെയ്യിക്കുന്നതാണ് കൃത്രിമ മഴ (ക്ലൗഡ് സീഡിങ്).

പൊട്ടാസ്യം അയഡൈഡ്, അമോണിയം നൈട്രേറ്റ്, കാൽസ്യം ക്ലോറൈഡ് പോലുള്ള രാസവസ്തുക്കൾ വിമാനത്തിൽ ഈ മേഘക്കൂട്ടത്തിലേക്ക് എത്തിക്കുന്നു

മഴക്കാറായി രൂപപ്പെടാൻ സാധ്യതയുള്ള മേഘപടലങ്ങളെ റഡാറിന്റെ സഹായത്തോടെ കണ്ടെത്തുന്നു.

അര കിലോമീറ്റർ മുതൽ 12 കിലോമീറ്റർ വരെ ഉയരത്തിലുള്ള മേഘങ്ങളിൽ വിമാനങ്ങളിൽനിന്നു രാസവസ്തു വിതറുന്നു

നീരാവി ഈ മേഘക്കൂട്ടങ്ങളിൽ പറ്റിപ്പിടിച്ച് ഘനീഭവിക്കുന്നു. സിൽവർ അയഡൈഡ് പോലുള്ള രാവസ്തുക്കൾ വിതറുന്നതോടെ ജലകണികകൾ ഒന്നിച്ചുചേർന്ന് ഭാരം കൂടി മഴത്തുള്ളികളായി പെയ്യുന്നു. മഴയുടെ ശാസ്ത്രം മഴ പെയ്യണമെങ്കിൽ മേഘങ്ങളിലെ ജലതന്മാത്രകൾ ഘനീഭവിച്ചു ഭാരം കൂടണം. ഘനീഭവിക്കണമെങ്കിൽ മേഘപടലങ്ങളിൽ തന്മാത്ര ആവശ്യമാണ്. ഇത് അന്തരീക്ഷത്തിലെ പൊടിയോ ബാക്ടീരിയയോ അഗ്നിപർവത പൊടിപടലങ്ങളോ എന്തുമാകാം. സിൽവർ അയഡൈഡ് ഈ തന്മാത്രയുടെ ദൗത്യം നിർവഹിക്കും.

Your Rating: