Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടും കേരളവും ലക്ഷ്യമാക്കി ആർഎസ്എസ്

election-commission

എട്ടിമട (കേ‍ായമ്പത്തൂർ) ∙ അടുത്ത ലേ‍ാക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കേരളത്തിലും തമിഴ്നാട്ടിലും കൂടുതൽ ജനക്ഷേമപദ്ധതികൾ നടപ്പാക്കാൻ ആർഎസ്എസ് ഒരുങ്ങുന്നു. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവർക്കുവേണ്ടി സമഗ്ര സാമൂഹിക പദ്ധതികൾ ആരംഭിക്കാൻ സംഘടനയുടെ ദേശീയ പ്രതിനിധിസഭ തീരുമാനിച്ചു. ഇരു സംസ്ഥാനങ്ങളിലെയും സാമൂഹിക സ്ഥിതിക്കു യേ‍ാജിച്ച പദ്ധതികൾക്കു പിന്നീടു രൂപം നൽകും. കുടുംബ ക്ഷേമത്തിലൂന്നിയ പദ്ധതികളാണ് ആവിഷ്കരിക്കുക.

ശുദ്ധജല പദ്ധതികൾ, അഗതിമന്ദിരങ്ങൾ എന്നിവയുൾപ്പെടെ നടപ്പാക്കി, അസംഘടിത വിഭാഗങ്ങൾക്കെ‍ാപ്പം നിന്നതിന്റെ ഫലം കൂടിയാണ് ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണു സംഘടനയുടെ വിലയിരുത്തൽ. ജാതി, സമുദായ സംഘടനകൾക്കും തൊഴിലാളി യൂണിയനുകൾക്കും പുറത്തുള്ളവർക്കായി നടത്തിയ പ്രവർത്തനം സംഘടന പ്രതീക്ഷിച്ചതിനുമപ്പുറത്തുള്ള വിജയം അവിടെ സാധ്യമാക്കിയെന്നാണു വിലയിരുത്തൽ. വീടുകൾ തേ‍ാറുമുളള വ്യാപക സമ്പർക്ക പരിപാടിയും അവിടെ ആദ്യമായിരുന്നു.

പിന്നാക്ക, ദലിത്, പട്ടിക വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ വിവിധ സേവാസംഘങ്ങൾ സമയബന്ധിതമായി പ്രവർത്തിക്കണമെന്ന അഭിപ്രായവും സമ്മേളനത്തിലുണ്ടായി. ബിജെപി പരിപാടികളെ തുടർച്ചയായി വിമർശിച്ചും അവയുമായി നിസ്സഹകരിച്ചുമുള്ള നീക്കങ്ങൾ ആശാസ്യമല്ലെന്ന വിമർശനവുമുണ്ടായി. ക്രിയാത്മകമായ വിമർശനമാണു വേണ്ടതെന്നു നേതൃത്വം വ്യക്തമാക്കി.

കേരളത്തിലും തമിഴ്നാട്ടിലും ആർഎസ്എസിൽ നിന്നു കൂടുതൽ കേഡർ നേതാക്കളെ പാർട്ടിക്കു വിട്ടു കെ‍ാടുക്കുമെന്നാണു സൂചന. സംഘടന ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജേ‌ാഷി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കു ശേഷം സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ശ്രദ്ധേയമായ പദ്ധതികളും പരിവാർ സംഘടനാ പ്രവർത്തനങ്ങളും വിലയിരുത്തി.

‘ജേ‍ായിൻ ആർഎസ്എസ്’ പ്രചാരണ പരിപാടിയിൽ ഒ‍ാൺലൈൻ വഴി സംഘടനയിൽ ചേർന്നവർക്കുള്ള പരിശീലനം വിവിധ സ്ഥലങ്ങളിൽ ആരംഭിക്കും. സർസംഘ് ചാലക് മേ‍ാഹൻ ഭഗവതിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. അമൃതവിശ്വവിദ്യാലയത്തിൽ നടക്കുന്ന സഭ ഇന്നു വൈകിട്ടു സമാപിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.