Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ മാവോയിസ്റ്റ് ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

Maoist rebels patrolling Representative Image

ന്യൂഡൽഹി ∙ കേരളത്തിൽ മാവോയിസ്റ്റ് പ്രത്യാക്രമണത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) സംസ്ഥാന ഇന്റലിജൻസിനു മുന്നറിയിപ്പു നൽകി. നിലമ്പൂർ കരുളായി വനത്തിൽ കഴിഞ്ഞ വർഷം മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരംവീട്ടാനാണു പദ്ധതി.

രാജ്യത്തു മാവോയിസ്റ്റ് ആക്രമണങ്ങൾ അരങ്ങേറുന്ന വേനൽക്കാലത്തു തന്നെ കേരളത്തിലും പ്രത്യാക്രമണം സംഘടിപ്പിക്കാനാണു നീക്കം. വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പുലർത്താനും നിലമ്പൂരിൽ മാവോയിസ്റ്റ് വേട്ടയ്ക്കു മേൽനോട്ടം വഹിച്ച മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് ദേവേഷ് കുമാർ ബെഹ്റയുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.

വയനാട്, അഗളി വനമേഖലകളിലായി തൊണ്ണൂറോളം സായുധ മാവോയിസ്റ്റ് പ്രവർത്തകർ തമ്പടിച്ചിട്ടുള്ളതായും ഐബി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തകർ കരിങ്കൽ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും വിവരം ലഭിച്ചു.

കേരളത്തിൽ ഒളിവിൽ കഴിയുന്ന തമിഴ്നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും മാവോയിസ്റ്റ് പ്രവർത്തകർക്കു ബോംബ് നിർമാണ വൈദഗ്ധ്യമുള്ളതിനാൽ സ്ഫോടന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും സംശയിക്കുന്നു.

തിരക്കുള്ള സ്ഥലങ്ങളിലും വാഹനങ്ങളിലും ബോംബ് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതികളെക്കുറിച്ചുള്ള മുന്നറിയിപ്പും ഐബി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.