Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലുള്ളതു വർഗീയ ശക്തികൾ നിയന്ത്രിക്കുന്ന ഭരണകൂടം: മുഖ്യമന്ത്രി പിണറായി

CM Pinarayi Vijayan

തിരുവനന്തപുരം∙ വർഗീയ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയുമെല്ലാം വക്രീകരിച്ച് അവർ അവരുടെ താല്പര്യങ്ങൾക്കനുസരിച്ചു മാറ്റുകയാണെന്നും ഇതിനെ ചെറുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന സെമിനാറായ ‘റീ റീഡിംഗ് ദി നേഷന്‍- പാസ്റ്റ് അറ്റ് പ്രസന്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെങ്കിലും ഇന്നു ഭരണകൂടത്തെ നിയന്ത്രിക്കുന്നവർ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ വിഭജിക്കാനാണു ശ്രമിക്കുന്നതെന്നു പിണറായി വിജയന്‍ പറ‍ഞ്ഞു. വൈവിധ്യങ്ങളെയെല്ലാം തിരസ്‌കരിച്ച് ഒരു മതരാഷ്ട്രമാണ് അവരുടെ സങ്കല്പം. ശത്രുക്കളായി അവർ പ്രഖ്യാപിച്ചിട്ടുള്ളതു മുതലാളിത്തത്തെയോ നാടുവാഴികളെയോ കൊള്ളക്കാരേയോ ഒന്നുമല്ല, പകരം ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും കമ്യൂണിസ്റ്റുകാരെയും ഗാന്ധിയൻമാരെയുമൊക്കെയുമാണ്. അസഹിഷ്ണുത നിറഞ്ഞ ഈ കാലഘട്ടത്തിൽ പ്രതികരിക്കേണ്ട കടമ യുവത്വത്തിന്റേതാണെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.  

ഭരണഘടനയുടെ പവിത്രതയെക്കുറിച്ച് ഒരു കൂട്ടര്‍ ഇപ്പോൾ സംസാരിക്കുന്നുണ്ട്. ഭരണഘടനാമൂല്യങ്ങളെ തള്ളിപ്പറയുന്നവര്‍ തന്നെ ഭരണഘടനയുടെ പവിത്രയെക്കുറിച്ചു പറയുന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. അഞ്ചു മസ്ജിദുകള്‍‌ പൊളിക്കാന്‍ രണ്ടു മണിക്കൂറെടുക്കുമെങ്കില്‍ അന്‍പത് മസ്ജിദ് പൊളിക്കാന്‍ എത്രസമയം എടുക്കുമെന്ന ചോദ്യം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മസ്ജിദ് പൊളിക്കപ്പെടേണ്ടതാണെന്ന ചിന്ത ഇളം മനസ്സുകളില്‍ ഉണ്ടാക്കിയെടുക്കുകയാണ്.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകൾ ഇന്ത്യൻ സമൂഹം കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ എത്തിച്ചേർന്നുവെന്നതിന്റെ സൂചനയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം കിട്ടാത്ത മണിപ്പൂരിലും ഗോവയിലും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി ബിജെപി ഭരണം പിടിച്ചെടുത്തു. ഉത്തർപ്രദേശിലെയും മറ്റും തിരഞ്ഞെടുപ്പ് ചൂണ്ടിക്കാണിക്കുന്നതു ഭാവിയിൽ മതേതര ശക്തികളുടെയെല്ലാം ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ അനിവാര്യതയെക്കുറിച്ചാണ്. മതേതരത്വം ഊട്ടിയുറപ്പിക്കാൻ യുവത്വം രംഗത്തിറങ്ങണം. ചരിത്രത്തെ നുണ പ്രചാരണങ്ങളിലൂടെ തിരുത്തി എഴുതാൻ പരിശ്രമിക്കുന്നവർക്കു മറുപടി നൽകേണ്ടവരും യുവജനതയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.  

യുവജന കമ്മീഷന്‍ ചെയര്‍പഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ മധു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് ഡയറക്ടര്‍ ഡോ. ജയശ്രീ, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, ചലച്ചിത്ര താരം പ്രിയങ്ക തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കമ്മീഷൻ അംഗങ്ങളായ അഡ്വ. ആർ.ആർ. സഞ്ജയ് കുമാർ സ്വാഗതവും യുവജന കമ്മീഷന്‍ സെക്രട്ടറി പി.പി. സജിത നന്ദിയും പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.