Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കരുത്: കൃഷ്ണദാസിന്റെ അറസ്റ്റിൽ ഹൈക്കോടതി

p-krishnadas

കൊച്ചി∙ നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റുചെയ്തതില്‍ പൊലീസിനു ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കരുതെന്നു പറഞ്ഞ കോടതി പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണു പൊലീസിനുള്ളതെന്നും അറസ്റ്റ് ദുരുദ്ദേശ്യപരമെന്നു സംശയിക്കണമെന്നും വ്യക്തമാക്കി. തെറ്റായ പ്രോസിക്യൂഷൻ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെങ്കിൽ നടപടിയുണ്ടാകും. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്നു കോടതിക്ക് അറിയാമെന്നും ജഡ്ജി വ്യക്തമാക്കി. അതേസമയം, പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി.

നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് അടക്കം അഞ്ചുപേരെ പാലക്കാട് ലക്കിടി ജവഹർ ലോ കോളജ് വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് വാണിയംകുളം പി.കെ. ദാസ് മെമ്മോറിയൽ ആശുപത്രിയിൽനിന്നാണു കൃഷ്ണദാസിനെ പിടികൂടിയത്. ലക്കിടി കോളജ് പിആർഒ വത്സലകുമാർ, നിയമോപദേശക സുചിത്ര, അഡ്മിനിസ്ട്രേഷൻ മാനേജർ സുകുമാരൻ, കായികാധ്യാപകൻ ഗോവിന്ദൻ കുട്ടി എന്നിവരെയാണു തൃശൂർ റൂറൽ എസ്പി വിജയകുമാറിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ജിഷ്ണു കേസിനു സമാനമായ മർദനമാണ് ഈ കേസിലുമുണ്ടായത്. കോളജിലെ അനധികൃത പണപ്പിരിവിനെതിരെ പരാതി നൽകിയതിനു കോളജിലെ ഇടിമുറിയിലെത്തിച്ചു മർദിച്ചു. കൃഷ്ണദാസാണു മർദനത്തിനു നേതൃത്വം നൽകിയതെന്നും പൊലീസ് അറിയിച്ചു.

Your Rating: