Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിയെ മർദിച്ച കേസ്: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് റിമാൻഡിൽ

krishnadas

തൃശൂർ∙ വിദ്യാർഥിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ റിമാൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് റിമാൻഡ്. മറ്റു നാലു പ്രതികളെയും വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തു. കേസ് നാളെ വടക്കാഞ്ചേരി കോടതി വീണ്ടും പരിഗണിക്കും. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹർലാൽ കോളജിലെ വിദ്യാർഥി സഹീറിനെ മർദിച്ച കേസിൽ കൃഷ്ണദാസിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണദാസിനൊപ്പം കേസിൽ പ്രതികളായ പിആർഒ വൽസലകുമാർ, അധ്യാപകൻ സുകുമാരൻ, ലീഗൽ അഡ്വൈസർ സുചിത്ര എന്നിവരും അറസ്റ്റിലായിരുന്നു.

ലക്കിടി ജവഹർലാൽ കോളജിലെ വിദ്യാർഥി സഹീറിനെ കൃഷ്ണദാസ് മർദിച്ചെന്നും ചോദിക്കാൻ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി. കോളജിൽ നടന്ന അനധികൃതമായ പണപ്പിരിവിനെ ചോദ്യം ചെയ്തതും ഇതിനെതിരെ പരാതി നൽകിയതുമാണ് സഹീറിനെ കൃഷ്ണദാസിന്റെയും സംഘത്തിന്റെയും കണ്ണിലെ കരടാക്കിയത്. സഹീറിനെ എട്ടു മണിക്കൂറോളമാണ് കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചത്. പുറത്തുപറഞ്ഞാൽ റാഗിങ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതി കൂടിയാണ് അറസ്റ്റിലായ കൃഷ്ണദാസ്. ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്. ഇതിനു പിന്നാലെയാണ് ഏതാണ്ടു സമാനമായ സഹീറിന്റെ കേസിൽ ഇയാൾ അറസ്റ്റിലായത്. ജിഷ്ണു ആത്മഹത്യ ചെയ്യുന്നതിന് മൂന്നു ദിവസം മാത്രം മുൻപായിരുന്നു സഹീറിനെതിരായ മർദ്ദനം. നേരത്തെ, തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുത്തത്.

Your Rating: