Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭ്യൂഹങ്ങൾക്ക് വിരാമം; ബ്രിട്ടന്റെ ബ്രെക്സിറ്റ് പ്രഖ്യാപനം 29ന്

Theresa May

ലണ്ടൻ∙ ബ്രെക്സിറ്റ് നടപ്പാക്കുന്നതു സംബന്ധിച്ച ബ്രിട്ടന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച. ഈമാസം 29ന് പ്രധാനമന്ത്രി തെരേസ മേയ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പാർലമെന്റിൽ നടത്തും. ഒപ്പം യൂറോപ്യൻ കൗൺസിലിനെ രേഖാമൂലം ഇക്കാര്യം അറിയിക്കുകയും ചെയ്യും. അംഗരാജ്യങ്ങൾ യൂണിയൻ വിടുമ്പോൾ പാലിക്കേണ്ട വിശദമായ നിർദേശങ്ങളടങ്ങിയ ലിസ്ബൻ ഉടമ്പടിയിലെ ആർട്ടിക്കിൾ 50 അനുസരിച്ചുള്ള നടപടികൾക്കാകും തുടക്കം കുറിക്കുക. ബ്രസൽസുമായി രണ്ടുവർഷം നീളുന്ന ചർച്ചകൾക്കൊടുവിൽ വിശദമായ ഉടമ്പടി തയാറാക്കി വേർപിരിയൽ പൂർത്തിയാക്കും. അതുവരെ സാങ്കേതികമായി ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായിതന്നെ തുടരും.  

അടുത്തയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇന്നലെ സ്ഥിരീകരിച്ചത്. പ്രഖ്യാപനത്തിനു പിന്നാലെ ഒട്ടും താമസിയാതെ യൂണിയനുമായും അംഗരാജ്യങ്ങളുമായും ചർച്ചകൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടനിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് യൂറോപ്യൻ യൂണിയന്റെ വക്താവും പ്രതികരിച്ചിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള ചർച്ചകൾ സുഗമമായി മുന്നോട്ടുപോയാൽ 2019 മാർച്ചോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും. ചർച്ച സുഗമമല്ലാതായാൽ ഈ വേർപിരിയൽ വൈകാനും നേരത്തെയാകാനും സാധ്യതയുണ്ട്.

ഇതിനിടെ ബ്രെക്സിറ്റ് പ്രഖ്യാപനത്തിനുശേഷം തെരേസ മേയ് ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചേക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വെറും കെട്ടുകഥ മാത്രമാണെന്നും അത്തരമൊരു സാധ്യത ചിന്തിക്കുന്നുപോലുമില്ലെന്നും പ്രധാനമന്ത്രിയുടെ വക്താവ് വിശദീകരിച്ചു.

27 അംഗരാജ്യങ്ങളുമായി സംസാരിച്ച് എവർക്കും സ്വീകാര്യമായ ഉടമ്പടിയിലൂടെ യൂണിയനു പുറത്തുവരികയാണ് ബ്രിട്ടന്റെ ലക്ഷ്യം. എന്നാൽ ഇതിന് പ്രായോഗിക തടസങ്ങൾ ഏറെയാണ്. ഇപ്പോൾതന്നെ യൂണിയനിൽനിന്നും പിരിയുന്നതിന് ബ്രിട്ടൻ നഷ്ടപരിഹാരമായി നൽകേണ്ട തുക സംബന്ധിച്ച് തർക്കം ആരംഭിച്ചുകഴിഞ്ഞു. ചർച്ചകളിൽ ഏറ്റവും നിർണായകമാകുന്നതും ഇതുതന്നെയാകും. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ ബ്രിട്ടിഷുകാരുടെ ഭാവിയും ബ്രിട്ടനിൽ നിലവിലുള്ള മറ്റു രാജ്യക്കാരായ പൗരന്മാരുടെ ഭാവിയുമെല്ലാം ചർച്ചയിൽ നിർണായക വിഷയങ്ങളാകും. വ്യാപാര- വാണിജ്യ മേഖലകളിലെ പ്രശ്നങ്ങളും പ്രതിരോധ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും സങ്കീർണമാണ്.

വരും തലമുറകൾക്കുവേണ്ടിയുള്ള സുപ്രധാനമായ ചർച്ചകൾക്ക് രാജ്യം തുടക്കം കുറിക്കാനൊരുങ്ങുകയാണ് എന്നാണ് ഇതേക്കുറിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് പ്രതികരിച്ചത്. വരും ദിവസങ്ങളിലെ ചർച്ചകൾക്കും നടപടികൾക്കുമെല്ലാം നേതൃത്വം നൽകുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര സംഘമാകും.

Your Rating: