Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റണി മൗനിബാബ; പറ്റില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണം: സി.ആർ.മഹേഷ്

AK Antony, CR Mahesh, Rahul Gandhi

തിരുവനന്തപുരം∙ പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഒഴിയണമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ്. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം. കെഎസ്‌യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണെന്നും മഹേഷ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ആരോപിച്ചു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

കെപിസിസിക്കു നാഥൻ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആകുന്നു. ബിജെപിയുടെയും സിപിഎമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്തുനിന്നു സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയിൽ ആണ്. ഇന്ന് കെഎസ്‌യു തിരഞ്ഞെടുപ്പ് നടന്നു. ക്യാംപസുകളിൽ ഇല്ലാതായി കൊണ്ടിരിക്കുന്ന കെഎസ്‌യുവിനെ പരസ്പരം മത്സരിപ്പിച്ച് പാർട്ടിയിലും, കെഎസ്‌യുവിലും മെമ്പർഷിപ്പ് എടുക്കും മുൻപേ ഗ്രൂപ്പിൽ അംഗത്വവും എടുപ്പിച്ച്, നാട് മുഴുവൻ ഗ്രൂപ്പ് യോഗങ്ങളും കൂടി, ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണ്.

ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു. പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സർക്കാർ നയങ്ങൾക്ക് എതിരെ പട നയിക്കേണ്ടവർ പകച്ചു നിൽക്കുന്നു. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽനിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം.

കെഎസ്‌യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. അങ്ങ് കാണുന്നില്ലേ താങ്കൾ വളർത്തി, രാഷ്ട്രീയവൽകരിച്ച യൂത്ത് കോൺഗ്രസിനേയും കെഎസ്‌യുവിനേയും നേതൃത്വവും, അനുഭവ പരിചയമില്ലാത്ത, രാഷ്ട്രീയ ബോധമില്ലാത്ത കോർപ്പറേറ്റ് ശൈലിക്കാരും ചേർന്ന് പരീക്ഷണശാലയിലെ പരീക്ഷണ വസ്തുവാക്കി. കെഎസ്‌യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളിൽ കൂടി ഒരു സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു. എൻഎസ്‌യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെമ്പർഷിപ്പുകളുടെ എണ്ണത്തിൽ എൺപത് ശതമാനവും അധികാരം പിടിക്കാൻ ഉണ്ടാക്കിയ വ്യാജ മെമ്പർഷിപ്പുകൾ മാത്രമാണ്. ആവർത്തിച്ച് പറയട്ടെ പുതിയ നേതൃത്വം വരുന്നതിൽ ഒരു എതിർപ്പും ഇല്ല, പുതു രക്തം കടന്നുവന്നേ മതിയാകൂ. പക്ഷേ വർഗീയ, ഫാസിസ്റ്റ് അജണ്ടകൾക്കെതിരെ പ്രവർത്തിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് പകരം ഒരേ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ തമ്മിൽ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്‌കാരം അവസാനിപ്പിച്ചില്ലായെങ്കിൽ കനത്ത വില കൊടുക്കേണ്ടി വരും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാൻ ഞങ്ങൾ മരിക്കാനും തയ്യാറാണ്. പക്ഷേ ഇനിയും ഈ സ്ഥിരം സെറ്റിൽമെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ കാല് വാരൽ, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കൽ എന്നിങ്ങനെയുള്ള സ്ഥിരം നിർഗുണങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കില്ല. പ്രതീക്ഷ കൈവിടാതെ ഒരു പുതിയ സൂര്യോദയത്തിനായി നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.

Your Rating: