Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കും അമിത് ഷായ്ക്കും മുന്നിൽ ബീഫ് നയത്തെ വിമർശിച്ച് ജാനു; ബിജെപിക്ക് ഞെട്ടൽ

C. K. Janu

ന്യൂഡൽഹി ∙ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) നേതൃയോഗത്തിൽ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു ബീഫ് വിഷയത്തിൽ ജെആർഎസ് നേതാവ് സി.കെ.ജാനുവിന്റെ രൂക്ഷവിമർശനം. ബിജെപി നേതൃത്വം ബീഫ് പോലുള്ള തർക്കവിഷയങ്ങൾ നിരന്തരം ഉന്നയിക്കുന്നതു കേരളത്തിലെ സഖ്യകക്ഷികൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി ജാനു തുറന്നടിച്ചു.

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽപോലും ബീഫ് വിഷയമായെന്നു ജാനു ചൂണ്ടിക്കാട്ടി. ബീഫ് പോലുള്ള വിവാദവിഷയങ്ങൾ ഉപേക്ഷിച്ചു ബിജെപി നേതൃത്വം ദലിത്, ആദിവാസി, തൊഴിലാളി പ്രശ്നങ്ങൾക്കു മുൻതൂക്കം നൽകണമെന്നും ജാനു ആവശ്യപ്പെട്ടു. ദലിതർക്കും ആദിവാസികൾക്കുംവേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ അവരിലെത്തുന്നുവെന്ന് ഉറപ്പാക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമ സ്വരാജ്, അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി തുടങ്ങിയ സമുന്നത നേതാക്കളുടെ സാന്നിധ്യത്തിലാണു ജാനുവിന്റെ നിശിത വിമർശനമുണ്ടായത്. കേരള കോൺഗ്രസ് നേതാവ് പി.സി.തോമസാണ് ജാനുവിന്റെ മലയാള പ്രസംഗം ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയത്. എൻഡിഎ നേതൃയോഗ വേദിയിലെ പുഷ്പാലങ്കാരത്തെ മുന്നണിയുമായി താരതമ്യം ചെയ്തു പി.സി.തോമസ് നടത്തിയ പ്രസംഗവും ശ്രദ്ധേയമായി.

എൻഡിഎ അംഗങ്ങളുടെയെല്ലാം മേശകളിലെ പുഷ്പതാലത്തിൽ താമരയ്ക്കൊപ്പം മുല്ലപ്പൂക്കളും നിരത്തിയിരുന്നതിനെയാണ് പി.സി.തോമസ് മുന്നണിയുമായി ഉപമിച്ചത്. താമരയ്ക്കു ചുറ്റും മുല്ലപ്പൂക്കളും ചേരുമ്പോൾ ഭംഗിയേറുന്നതുപോലെ, മുന്നണിക്കു സഖ്യകക്ഷികൾ അലങ്കാരമാണെന്നു പി.സി.തോമസ് പറഞ്ഞത് എൻഡിഎ നേതാക്കൾ കയ്യടികളോടെ സ്വാഗതം ചെയ്തു.

എൻഡിഎയിൽ ജനങ്ങൾ വൻതോതിൽ വിശ്വാസമർപ്പിക്കുന്നതായും മുന്നണി ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരനേതൃത്വം പ്രയോജനപ്പെടുന്നതായും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംപിയും യോഗത്തിൽ പങ്കെടുത്തു.

related stories
Your Rating: