Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടു കൂടി, കെയുആർടിസി ബസുകളിൽ ഉത്സവത്തിരക്ക്

KURTC

തിരുവനന്തപുരം∙ ചൂടു കൂടിയതോടെ കെയുആർടിസി എസി ബസുകൾക്കു നല്ലകാലം. ചൂടിനെ പ്രതിരോധിക്കാൻ യാത്രക്കാർ എസി ബസുകളെ കൂടുതലായി ആശ്രയിച്ചതോടെ വരുമാനവും കൂടി. പ്രധാന കേന്ദ്രങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം റെക്കോർഡ് വരുമാനമാണു കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

കെയുആർടിസിക്ക് 190 എസി ലോ ഫ്ലോർ ബസും 413 നോൺ എസി ലോ ഫ്ലോർ ബസും ഉൾപ്പെടെ 603 ബസുകളാണുള്ളത്. ഇതിൽ 171 എസി ബസുകളും 411 നോൺ എസി ബസുകളുമാണു സർവീസ് നടത്തുന്നത്. ബാക്കിയുള്ളവ അറ്റകുറ്റപ്പണിയിലാണ്.

എറണാകുളം തേവരയിലെ ഡിപ്പോ കലക്‌ഷൻ നേരത്തെ 4,50,000 രൂപ മുതൽ 5,50,000 രൂപ വരെയായിരുന്നെങ്കിൽ കഴിഞ്ഞദിവസം അത് 7,44,000 രൂപയിലെത്തിയതായി ഡിപ്പോ അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

കോഴിക്കോട് ഡിപ്പോയ്ക്ക് 12,29,900 രൂപ പ്രതിദിന കലക്‌ഷൻ വേണമെന്നായിരുന്നു കെയുആർടിസി അധികൃതർ നൽകിയിരുന്ന നിർദേശം. ഈ ലക്ഷ്യത്തിലെത്താൻ ഡിപ്പോയ്ക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ ചൂട് കൂടിയതും അവധിദിനങ്ങളും കലക്‌ഷൻ വർധിപ്പിച്ചതായി ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസത്തെ കലക്‌ഷൻ 16,27,845 രൂപയാണ്.

പാലക്കാട്ടെ പ്രതിദിന കലക്‌ഷൻ ജനുവരിയിൽ 1,50,000 രൂപയായിരുന്നു. ഈ മാസം ആദ്യം അത് 1,68,000 രൂപയായി. രണ്ടു ലക്ഷം രൂപയാണ് ഇന്നലത്തെ കലക്‌ഷൻ. പത്തു ബസാണ് ഡിപ്പോയിലുള്ളത്. തിരുവനന്തപുരത്ത് 159 കെയുആർടിസി ബസുകളിൽ 33 എണ്ണം എസിയാണ്. തിരുവനന്തപുരത്തെ കലക്‌ഷനിൽ മൂന്നു ലക്ഷം രൂപയുടെ വർധനയാണുള്ളത്.

എസി ബസുകളുടെ സംസ്ഥാനത്തെ മൊത്തം വരുമാന വർധന സബന്ധിച്ച കണക്കെടുപ്പു നടക്കുകയാണെന്നും കഴിഞ്ഞ മൂന്നുമാസമായി കലക്‌ഷനിൽ വലിയ പുരോഗതിയാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

എസി, നോൺ എസി ഉൾപ്പെടെ 12,01,34928 രൂപയായിരുന്നു കെയുആർടിസിയുടെ ഫെബ്രുവരിയിലെ മൊത്തം വരുമാനം. മാർച്ച് മാസത്തിൽ ഇതു 13,19,85979 രൂപയായി ഉയർന്നു. ഏപ്രിൽ പകുതിയാകുമ്പോൾ വരുമാനം എട്ടു കോടിയോടടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ വലിയ വർധനയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

2014 ലാണ് കെഎസ്ആർടിസിക്ക് കീഴിൽ കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെയുആർടിസി) രൂപീകരിച്ചത്. നഗരഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച ജൻറം പദ്ധതി അനുസരിച്ചാണു കോർപറേഷന് ആദ്യം ബസുകൾ ലഭിച്ചത്.

Your Rating: