Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവിപാറ്റ് വോട്ടിങ് മെഷീനുകൾ വാങ്ങാൻ തീരുമാനം; 3,000 കോടി അനുവദിച്ചു

voting machine

ന്യൂഡൽഹി∙ വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടക്കുന്നതായി ആരോപണമുയരുന്നതിനിടെ പുതിയ വിവി പാറ്റ് (വോട്ടേഴ്സ് വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) മെഷീനുകൾ വാങ്ങുന്നതിനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതിനായി 3,000 കോടി രൂപ നീക്കിവച്ചു. വോട്ടിങ് കൃത്രിമം ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രചരണം ശക്തമാകുന്നതിനിടെയാണ് തീരുമാനം.

വരുന്ന തിരഞ്ഞെടുപ്പുകളിൽ വിവി പാറ്റ് നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാൻ വൈകുന്നതെന്താണെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോടും കേന്ദ്രത്തോടും ചോദിക്കുകയും ചെയ്തു. മേയ് എട്ടിനകം മറുപടി നൽകണമെന്നായിരുന്നു ഉത്തരവ്. 

വോട്ട് ഏതു സ്‌ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു വോട്ടർക്കു കാണാവുന്ന സംവിധാനമാണു വിവി പാറ്റ്. വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റർ, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പർ എന്നിവ പ്രിന്റ് ചെയ്തു സ്‌ലിപ് പ്രദർശിപ്പിക്കും. എന്നാൽ, തിരുത്താൻ അവസരമില്ല. ഇതു പരിശോധിക്കാൻ വോട്ടർ‌ക്ക് ഏഴു സെക്കൻഡ് സമയം ലഭിക്കും. വോട്ടിങ്ങിനെക്കുറിച്ചു പരാതി ഉയർന്നാൽ സ്‌ലിപ്പുകൾ എണ്ണി പരിഹാരം കാണാം.

വിവിപിഎടി സംവിധാനത്തിന്റെ പ്രവർത്തനം ഇങ്ങനെ:

∙ കൺട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും സമീപം വിവിപിഎടി മെഷീനും സ്ഥാപിക്കും. കൺട്രോൾ യൂണിറ്റുമായി വിവിപിഎടി മെഷീനെ ബന്ധിപ്പിച്ചിരിക്കും.

∙ വോട്ടു ചെയ്ത് അടുത്ത സെക്കൻഡിൽതന്നെ വിവിപിഎടി മെഷീൻ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പർ എന്നിവ പ്രിന്റ് ചെയ്തു സ്‌ലിപ് പുറത്തേക്കു നീക്കും. വോട്ടു ചെയ്തയാളുടെ വിശദാംശങ്ങൾ പേപ്പറിൽ ഉണ്ടാകില്ല.

∙ ഏഴു സെക്കൻഡ് നേരം സ്‌ലിപ് പരിശോധിക്കാൻ വോട്ടർക്കു സമയം ലഭിക്കും. എട്ടാം സെക്കൻഡിൽ മെഷീൻതന്നെ സ്‌ലിപ് മുറിച്ചു ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കും.

∙ വോട്ടെടുപ്പു പൂർത്തിയായാൽ വോട്ടിങ് യന്ത്രത്തോടൊപ്പം ബാലറ്റ് പെട്ടിയും സീൽ ചെയ്തു സൂക്ഷിക്കും. വോട്ടിങ് മെഷീൻ സംബന്ധിച്ചു പരാതികൾ ഉയർന്നാൽ കമ്മിഷന്റെ തീരുമാനപ്രകാരം ബാലറ്റ് പെട്ടിയിൽനിന്നു സ്‌ലിപ്പുകൾ പുറത്തെടുത്ത് എണ്ണാം.

related stories
Your Rating: