Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് പറഞ്ഞതു നുണ; ഉത്തര കൊറിയയല്ല കാൾ വിൻസന്റെ ലക്ഷ്യം ഓസ്ട്രേലിയ

Donald-Trump

വാഷിങ്ടൻ∙ ഉത്തര കൊറിയ ലക്ഷ്യമാക്കി യുദ്ധക്കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നു പത്തു ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് വെറുതെ. ട്രംപ് വീരവാദം മുഴക്കുമ്പോൾ കാൾ വിൻസൻ എന്ന വിമാനവാഹിനിക്കപ്പൽ കൊറിയയ്ക്കടുത്തെന്നതു പോയിട്ട് നേരെ വിപരീത ദിശയിൽ നീങ്ങുകയായിരുന്നുവെന്നു വ്യക്തമായത് യുഎസ് നാവികസേന പുറത്തുവിട്ട ചിത്രത്തിലൂടെ.

സുൻഡ കടലിടുക്കു കടന്നു യുദ്ധക്കപ്പൽ ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്കു പ്രവേശിച്ചെന്നു സേന വെളിപ്പെടുത്തിയതോടെ സംഘർഷത്തിന് അയവുവന്നെന്നാണു നിഗമനം. യുഎസ് യുദ്ധക്കപ്പൽ വരുന്നുണ്ടെന്നു കേട്ടു പുതിയ മിസൈലുകളുമായി ഉത്തര കൊറിയയും തയാറെടുത്തിരുന്നു.

ഓസ്ട്രേലിയൻ നാവിക സേനയ്ക്കൊപ്പം നേരത്തേ തീരുമാനിച്ചപ്രകാരം പരിശീലനം നടത്താനുണ്ടെന്നും അതിനുശേഷം മാത്രമേ പുതിയ ഉത്തരവനുസരിച്ചു നീങ്ങുകയുള്ളൂ എന്നുമാണു യുഎസ് സേനയുടെ പസഫിക് കമാൻഡ് ചൊവ്വാഴ്ച വിശദീകരിച്ചത്.

യുദ്ധഭീഷണി മുഴക്കി യുഎസിനു പറ്റിയ അബദ്ധം ചൈനക്കാരുൾപ്പെടെ ആഘോഷിക്കുകയാണ്. ഇതൊന്നും പരാമർശിക്കാതെ, യുഎസ് കളിക്കാൻ വരേണ്ടെന്നു മാത്രം ഉത്തര കൊറിയ പ്രതികരിച്ചു.

Your Rating: