Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരിശ് തകർത്തത് തെറ്റെന്ന് വീണ്ടും പിണറായി; മൂന്നാറിൽ മണ്ണുമാന്തി നിരോധിച്ചു

pinarayi-vijayan-3

തിരുവനന്തപുരം∙ മൂന്നാർ പാപ്പാത്തിച്ചോലയിലെ കുരിശ് തകർത്തതും പൊലീസറിയാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചതും തെറ്റെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മുൻഗണന നൽകണം. പ്രദേശിക രാഷ്ട്രീയ പ്രവർത്തകരെ വിശ്വാസത്തിലെടുക്കണം. കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ നിയമനടപടികൾ കൃത്യമായി പാലിക്കണം. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനമാണ് മൂന്നാർ ഉന്നതലയോഗത്തിലുണ്ടായത്.

സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥര്‍. അവര്‍ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാരിന്‍റെ ഭാഗമായി നില്‍ക്കാന്‍ കഴിയില്ല. അര്‍ധരാത്രിക്കുശേഷം 144 പ്രഖ്യാപിച്ചതും പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണ സേനയുമായി കുരിശ് പൊളിക്കാന്‍ പോയതും തെറ്റാണ്. കയ്യേറ്റം ഒഴിപ്പിക്കണമെന്നത് തന്നെയാണ് സര്‍ക്കാര്‍ നയം. എന്നാല്‍ അത് വിവേകത്തോടെ ചെയ്യണം. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണം. ജില്ലാ കലക്ടറും ജില്ലയിലെ പൊലീസ് മേധാവിയും മറ്റു അധികാരികളും തമ്മില്‍ ഊഷ്മള ബന്ധമുണ്ടാകണം. അതിനാവശ്യമായ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. ഇത്തരം വിഷയങ്ങളില്‍ ജില്ലയില്‍നിന്നുളള മന്ത്രി എം.എം.മണിയുമായും കൂടിയാലോചന വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മൂന്നാറിൽ മണ്ണുമാന്തിയുടെ ഉപയോഗത്തിനു നിരോധനമേർപ്പെടുത്താനും യോഗം തീരുമാനിച്ചു. ഒരു പ്രവർത്തനത്തിനും ഇനി മണ്ണുമാന്തി ഉപയോഗിക്കാൻ പാടില്ലെന്നും യോഗത്തിൽ തീരുമാനമായി. പരിസ്ഥിതി ലോല പ്രദേശമായതിനാലാണ് മൂന്നാറിൽ മണ്ണുമാന്തിക്കു നിയന്ത്രണമേർപ്പെടുത്തിയത്. ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി പിണറായി യോഗം വിളിച്ചിരുന്നത്.

യോഗത്തിലെ മറ്റു തീരുമാനങ്ങൾ;

∙ ഇടുക്കിയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിച്ച് പിന്തുണ തേടണം. റവന്യൂ അധികാരികളും പൊലീസും ഒന്നിച്ചു നീങ്ങണം
∙ ഒഴിപ്പിക്കല്‍ നടപടിക്കു ജില്ലാതല ഏകോപനസമിതി രൂപീകരിക്കണം
∙ മെയ് 21ന് പട്ടയമേള സംഘടിപ്പിക്കും
∙ ഒഴിപ്പിക്കല്‍ നടപടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം
∙ മതമേധാവികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാധ്യമ പ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം
∙ കയ്യേറ്റങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ല. ഒഴിപ്പിക്കുന്നതിന് മുമ്പ് അവര്‍ക്ക് നോട്ടീസ് നല്‍കുകയും അവരുടെ ഭാഗം കേള്‍ക്കുകയും വേണം
∙ പത്തു സെന്‍റ് വരെ ഭൂമിയുള്ളവരും വേറെ ഭൂമിയില്ലാത്തവരുമായവരുടെ കാര്യത്തില്‍ കയ്യേറ്റമാണെങ്കില്‍ പോലും പ്രത്യേക പരിശോധന വേണം
∙ പത്തുസെന്‍റില്‍ കൂടുതല്‍ ഭൂമി കയ്യേറിയവരില്‍ നിന്ന് അത് തിരിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്യണം
∙ 1977 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും നാല് ഏക്ര വരെ ഉപാധിയില്ലാതെ പട്ടയം നല്‍കണം

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി കണ്ട് നടപ്പാക്കണമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.  പത്തുസെന്‍റില്‍ താഴെ ഭൂമിയുള്ളവരെ ഒഴിപ്പിക്കേണ്ടതില്ല. അവരെയല്ല ലക്ഷ്യം വെക്കേണ്ടത്. ഇക്കാര്യങ്ങള്‍ താന്‍ നേരത്തെത്തന്നെ വ്യക്തമാക്കിയതാണ്. ഇടുക്കിയിലെ അഞ്ച് താലൂക്കിലുള്ള ഭൂരഹിതരുടെ ലിസ്റ്റ് അടിയന്തരമായി തയാറാക്കി അവര്‍ക്ക് ലൈഫ് മിഷന് കീഴില്‍ വീട് നല്‍കണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.