Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി മണിയുടെ സംസാരം നാട്ടുശൈലി; മലക്കംമറിഞ്ഞ് മുഖ്യമന്ത്രി പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ മന്ത്രി എം.എം. മണി പെമ്പിളൈ ഒരുമൈയ്ക്കെതിരെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ൈകക്കൊണ്ട നിലപാടിൽ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി മണിയുടെ പരാമർശത്തെ ഇതുവരെ തള്ളിപ്പറഞ്ഞിരുന്ന മുഖ്യമന്ത്രി, ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ മന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. മണിയുടെ സംസാരം നാട്ടുശൈലിയാണ് എന്ന പതിവു ന്യായീകരണവുമായാണ് മുഖ്യമന്ത്രി മണിക്കു പിന്തുണ പ്രഖ്യാപിച്ചത്. പെമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സ്ത്രീത്വത്തിനെതിരായ എം.എം. മണിയുടെ പരാമർശവും മൂന്നാറിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കുന്ന നടപടി നിർത്തിവച്ചതും സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഇടുക്കിയിലെ ഓരോ കാര്യങ്ങളും വ്യക്തമായി അറിയാവുന്നയാളാണ് മന്ത്രി മണിയെന്ന് പിണറായി പറഞ്ഞു. ആ നാടിന്‍റെ ശൈലി അദ്ദേഹത്തിന്‍റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളെ പര്‍വ്വതീകരിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

എം.എം. മണിയുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രശ്നവും ഉയര്‍ന്നുവന്നിട്ടുണ്ട്. പെമ്പിളൈ ഒരുമൈ സമരം നാം നേരത്തെ വിലയിരുത്തിയതാണ്. തോട്ടം തൊഴിലാളികളുടെ ചില പ്രശ്നങ്ങളായിരുന്നു ഇതിനടിസ്ഥാനം. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദത്തെ സംബന്ധിച്ച് എം.എം. മണി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. ഈ പെമ്പിളൈ ഒരുമൈയുടെ പ്രസിഡന്‍റ് ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയപ്രേരിത സമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നതും കാണേണ്ടതുണ്ട് – പിണറായി പറഞ്ഞു.

അതേസമയം, സ്ത്രീകളുടെ കൂട്ടായ്മയുടേതായ ഇടപെടലായിരുന്നു പെമ്പിളൈ ഒരുമൈ എന്നും അതു സംബന്ധിച്ച് എന്തെങ്കിലും അധിക്ഷേപകരമായി പറഞ്ഞിട്ടുണ്ടെങ്കിൽ അതു ശരിയായ കാര്യമല്ലെന്നുമായിരുന്നു മണിയുടെ പരാമർശത്തോടുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, വനിതാ മന്ത്രിമാർ തുടങ്ങിയവരെല്ലാം മണിയുടെ പരാമർശത്തെ തള്ളിക്കളയുന്ന നിലപാടാണ് ഇതുവരെ കൈക്കൊണ്ടിരുന്നത്. അതിനിടെയാണ് മണിയെ ന്യായീകരിക്കുന്ന നിലപാടുമായി മുഖ്യമന്ത്രി നിയമസഭയിലെത്തിയത്.

അതിനിടെ, എം.എം. മണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എന്തിനാണ് മുഖ്യമന്ത്രി മണിയെ സംരക്ഷിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിലും ചെറിയ തെറ്റു ചെയ്ത ഇ.പി. ജയരാജനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നു. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെയും വിവാദമുണ്ടായ ഉടനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി. എന്നിട്ടും, മണിയെ മാത്രം എന്തിനാണ് ന്യായീകരിക്കുന്നതും സംരക്ഷിക്കുന്നതും എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യം. എം.എം. മണി സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ബോധ്യപ്പെടാത്തത് മുഖ്യമന്ത്രിക്കു മാത്രമാണ്. ഇനി അഥവാ അദ്ദേഹം അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഖേദം പ്രകടിപ്പിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം, വിവാദ പരാമർശവുമായി ബന്ധപ്പെട്ട് മന്ത്രി എം.എം. മണി നിയമസഭയിൽ വിശദീകരണം നൽകി. സഭയിൽ വിശദീകരണം നൽകാനുള്ള മന്ത്രിയുടെ ശ്രമത്തെ പ്രതിപക്ഷം ആദ്യം തടസ്സപ്പെടുത്തിയിരുന്നു. മണി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നീട് വിശദീകരണം നൽകാൻ അനുവദിക്കുകയായിരുന്നു.

കൈയ്യേറ്റം ഒഴിപ്പിക്കുന്നത് തടയാനുള്ള ഗൂഢശ്രമം നടന്നുവെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. ഇതിന്റെ ഭാഗമായിരുന്നു മണിയുടെ സ്ത്രീവിരുദ്ധ പരാമർശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മകൻ നഷ്ടപ്പെട്ട അമ്മയെക്കുറിച്ചു പോലും മോശമായി സംസാരിക്കുന്ന മണി പ്രാകൃതനാണ്. മണിയുടെ പ്രസംഗം ഒട്ടും അന്തസുള്ളതല്ലെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.