Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടനും എംപിയും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

vinod-khanna

മുംബൈ∙ നടനും മുൻ കേന്ദ്രമന്ത്രിയും പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബിജെപി എംപിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു. ദീർഘനാളായി അർബുദ ബാധിതനായിരുന്നു. മുംബൈ എച്ച്എൻ റിലയൻസ് റിസർച് സെന്ററിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജലാംശനഷ്ടം മൂലം മാർച്ച് 31നാണ് ഖന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘അമർ അക്ബർ ആന്റണി’, ‘ഇൻസാഫ്’, ‘ദ ബേണിങ് ട്രെയിൻ’, ‘മുക്കന്ദർ കാ സിക്കന്ദർ’ എന്നിവയുള്‍പ്പെടെ നൂറ്റി നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

vinod-khanna

ആരോഗ്യം ക്ഷയിച്ച വിനോദ് ഖന്നയുടെ ചിത്രം അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതോടെയാണ് വിനോദ് ഖന്നയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് പുറംലോകം അറിഞ്ഞത്.

ചലച്ചിത്ര ലോകത്തു തിളങ്ങിനിൽക്കെ 1997ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തൊട്ടടുത്ത വർഷം ഗുർദാസ്പുരിൽനിന്നും മികച്ച വിജയത്തോടെ ലോക്സഭയിലെത്തി. 2002ൽ അടൽ ബിഹാരി വാജ്പേയി സർക്കാരിൽ ടൂറിസം മന്ത്രിയായി. ഈ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായും സേവനം ചെയ്തു. 2009ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2014ൽ മികച്ച വിജയത്തോടെ ഗുർദാസ്പുരിൽനിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

vinod-khanna

1946 ഒക്ടോബർ ആറിന് ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായ പെഷാവറിൽ ജനിച്ച അദ്ദേഹം, വിഭജന കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു. 1968ൽ സുനിൽ ദത്തിന്റെ ‘മൻ കി മീതി’ൽ വില്ലനായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള വരവ്. പിന്നീട് നായകവേഷങ്ങളിലേക്കു കൂടുമാറിയ ഖന്ന, ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. 1982ൽ ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന കാലത്ത് ആധ്യാത്മിക ശാന്തി തേടി ഓഷോ രജനീഷിന്റെ ആശ്രമത്തിലേക്കു പോയ വിനോദ് ഖന്ന, ചലച്ചിത്ര ലോകത്തുനിന്ന് കുറച്ചുകാലം വിട്ടുനിന്നെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.