Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് കണ്ണാടി അപകടത്തിൽ ദുരൂഹത; കോടനാട് കൊലക്കേസ് വഴിത്തിരിവിൽ

accident പാലക്കാട് കണ്ണാടിയിൽ സായനും കുടുംബവും സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെട്ട കാർ

സേലം / പാലക്കാട് ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവായി ദുരൂഹമരണങ്ങൾ. കേസിലെ ഒന്നാം പ്രതി കനകരാജും, രണ്ടാം പ്രതി കെ.വി. സയന്റെ ഭാര്യയും മകളും വ്യത്യസ്ത അപകടങ്ങളിൽ കൊല്ലപ്പെട്ടു. എസ്റ്റേറ്റ് കാവൽക്കാരനും നേപ്പാൾ സ്വദേശിയുമായ ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന ഇവരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടത്.

കേസിൽ പൊലീസ് തിരയുന്ന ഒന്നാം പ്രതി കനകരാജ് തമിഴ്നാട്ടിലെ സേലത്തു നടന്ന അപകടത്തിലാണ് മരിച്ചത്. രണ്ടാം പ്രതി കെ.വി. സയന്റെ ഭാര്യയും അഞ്ചുവയസുകാരിയായ മകളും പാലക്കാട് കണ്ണാടിയിൽ കാറപകടത്തിലും മരിച്ചു. സയൻ ഓടിച്ച കാർ റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ സായനും ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാവിലെ 5.50ന് ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ സയന്റെ ഭാര്യ വിനുപ്രിയ (30), മകൾ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കൊലപാതക ദിവസം പ്രതികൾ എസ്റ്റേറ്റിൽ പോകാൻ ഉപയോഗിച്ചതാണെന്നു പൊലീസ് അറിയിച്ചു.

ഒന്നാം പ്രതി കനകരാജിന്റെ മരണം അപകടമാണെന്നും, അതല്ല ഏറ്റുമുട്ടലാണെന്നും രണ്ടു ഭാഷ്യമുണ്ട്. പക്ഷേ ഔദ്യോഗിക സ്ഥിരീകരണമില്ല. അതിനിടെ, പാലക്കാട് ഉണ്ടായ അപകടത്തിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. വിനുപ്രിയയും മകൾ നീതുവും അപകടത്തിനുമുൻപേ മരിച്ചെന്നാണ് സംശയിക്കുന്നത്. ഇരുവരുടെയും കഴുത്തിൽ സമാന സ്വഭാവമുള്ള ആഴമേറിയ മുറിവുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. സയൻ പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്നാട് പൊലീസ് ഇയാളെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.

അതേസമയം, കണ്ണാടിയിലെ വാഹനാപകടം ആത്മഹത്യാശ്രമത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്. കോയമ്പത്തൂരിൽ താമസിക്കുന്ന സയൻ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് പിന്തുടരുന്നത് മനസിലാക്കി അപകടം വരുത്തിവച്ചെന്നാണ് ‌സംശയിക്കുന്നത്.

തിങ്കളാഴ്ച പുലർച്ചെയാണ് കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത്. കനകരാജിനും സയനും കേസിൽ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിനു പിന്നാലെയാണ് പ്രതികൾ അപകടത്തിൽപ്പെടുന്നത്. ജയലളിതയുടെ കോടനാട്ടെ അവധിക്കാല വസതിയിൽ പണവും സ്വർണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ രൂപയുടെ വസ്തുവകകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റ് കാവൽക്കാരനെ കൊലപ്പെടുത്തി മോഷണശ്രമം അരങ്ങേറിയത്. കോടനാട്ടെ അവധികാല വസതിയുടെ സമീപത്തുളള ചിലർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് വിവരം. കാവൽക്കാനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമായ ചില വസ്തുക്കളും മോഷണം പോയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.