Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള പൊലീസിലെ ഏകോപനമില്ലായ്മ തീവ്രവാദക്കേസിനെ ബാധിക്കുന്നതായി ആക്ഷേപം

Malappuram-Blast കേരളപ്പിറവി ദിനത്തിൽ മലപ്പുറം സിവിൽ സ്റ്റേഷനിലെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വളപ്പിൽ സ്ഫോടനമുണ്ടായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ‘ദ് ബേസ് മൂവ്മെന്റ്’ എന്ന പേരിലുള്ള പെട്ടി. (ഫയൽ ചിത്രം)

കൊല്ലം/ മലപ്പുറം ∙ കേരള പൊലീസിലെ ഏകോപനമില്ലായ്മ സംസ്ഥാനത്തെ തീവ്രവാദ കേസ് അന്വേഷണങ്ങളെ ബാധിക്കുന്നു. കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസുകളിലെ പ്രതികളെ സംബന്ധിച്ച് പൊലീസിന്റെ നിലപാടുകളിലെ വൈരുധ്യമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. മുഖ്യസൂത്രധാരൻമാരെന്നു കണ്ടെത്തി മലപ്പുറം പൊലീസ് അറസ്റ്റു ചെയ്ത അബൂബക്കർ, അബ്ദുൽ റഹ്മാൻ എന്നിവർ പ്രതികളേ അല്ലെന്നാണ് കൊല്ലം പൊലീസിന്റെ നിലപാട്. കൊല്ലത്തും മലപ്പുറത്തും കോടതിവളപ്പിലുണ്ടായ സ്ഫോടനങ്ങൾ അന്വേഷിക്കുന്നതിലെ ഏകോപനമില്ലായ്മ വ്യക്തമാക്കുന്നതാണ് മനോരമ ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ.

സ്ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള ബേസ് മൂവ്മെന്റ്് പ്രവർത്തകരായ അബ്ബാസ് അലി, കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ, മുഹമ്മദ് അയൂബ് എന്നിവരെ എൻഐഎ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. പിന്നീട് കേരള പൊലീസിനു കൈമാറിയ പ്രതികളെ കൊല്ലത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും കാര്യമായ ഒരു തുമ്പും കിട്ടിയില്ല. എന്നാൽ അൽ ഉമ്മ നേതാവ് ഇമാം അലിയുടെ ശിഷ്യനായ അബൂബക്കറും അനുയായി അബ്ദുൽ റഹ്മാനുമാണ് ദക്ഷിണേന്ത്യയിൽ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരൻമാരെന്ന് മലപ്പുറം അന്വേഷണ സംഘം കണ്ടെത്തി.

ഒന്നാം പ്രതിയായ അബ്ബാസ് അലിയുടെ മൊഴിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് സൂത്രധാരൻമാരായ അബൂബക്കറിലേക്കും അബ്ദുൽ റഹ്മാനിലേക്കും മലപ്പുറം പൊലീസിനെ എത്തിച്ചത്. ബോംബ് നിർമിക്കാനും സ്ഫോടനം നടത്താനും പഠിപ്പിച്ചത് ഇവരാണെന്നാണ് ഒന്നാം പ്രതി അബ്ബാസ് അലിയുടെ കുറ്റസമ്മത മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മലപ്പുറം പൊലീസ് ശേഖരിച്ചു. എന്നാൽ ഇവർക്കു കേസുമായി ബന്ധമില്ലെന്നും പ്രതികളാക്കാനാവില്ലെന്നുമാണ് കൊല്ലത്തെ അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതോടെ മലപ്പുറം സ്ഫോടനക്കേസിൽ ഏഴു പ്രതികളും കൊല്ലം സ്ഫോടനക്കേസിൽ അഞ്ചു പ്രതികളുമായി.

ബേസ് മൂവ്മെന്റ് കേരളത്തിൽ നടത്തിയ രണ്ടു സ്ഫോടനക്കേസുകളിൽ പ്രതികളുടെ എണ്ണത്തിലെ വൈരുധ്യം കേസിൽ തിരിച്ചടിയാവുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒരേ ഡിജിപിയുടെ കീഴിലുള്ള രണ്ട് എസ്പിമാർ വ്യത്യസ്ത നിലപാടു സ്വീകരിക്കുന്നത് കേസ് അന്വേഷണത്തിലെ പോരായ്മയും സംസ്ഥാന പൊലീസിലെ തന്നെ ഏകോപനമില്ലായ്മയും വ്യക്തമാക്കുന്നതാണ്. ഒന്നുകിൽ കൊല്ലം പൊലീസിന് അന്വേഷണത്തിൽ വലിയ വീഴ്ച പറ്റിയെന്നോ അല്ലെങ്കിൽ മലപ്പുറം പൊലീസ് സൂത്രധാരൻമാരെന്ന് അവകാശപ്പെട്ടിരിക്കുന്ന രണ്ടു പ്രതികൾ നിരപരാധികളാണെന്നോ വിലയിരുത്തേണ്ടി വരും. എന്തായാലും ഉത്തരം പറയേണ്ടത് സംസ്ഥാനത്തെ പൊലീസ് വകുപ്പാണ്.