Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കെതിരെ പോരാടാൻ കശ്മീരികൾക്ക് സഹായം നൽകും: പാക്ക് സേനാ മേധാവി

Qamar Javed Bajwa

ഇസ്‌ലാമാബാദ് ∙ ഇന്ത്യയിൽനിന്നു സ്വാതന്ത്ര്യം നേടാനുള്ള കശ്മീരികളുടെ സമരത്തിന് ഇനിയും പിന്തുണ നൽകുമെന്ന് പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വ. നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബജ്‌വ. കശ്മീരിലെ ജനങ്ങൾക്ക് സ്വയം ഭരണാധികരത്തിനുള്ള അവകാശമുണ്ടെന്നു പറഞ്ഞ ബജ്‌വ, കശ്മീരികളുടെ സമരത്തിന് പൂർണ പിന്തുണ നൽകാനും പാക്ക് സൈന്യത്തോട് ആവശ്യപ്പെട്ടു.

കശ്മീരിലെ നിലവിലെ സംഘർഷങ്ങൾക്കു കാരണം പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപിക്കുന്നതിനു പിന്നാലെയാണ് പാക്ക് സൈനിക മേധാവി തന്നെ വിവാദ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന രാജ്യാന്തരതലത്തിൽ കൊണ്ടുവന്ന് ചർച്ചയാക്കാൻ ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്.

കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ ഇന്ത്യ പാടെ നിഷേധിക്കുകയാണെന്നും ബജ്‌‌വ ആരോപിച്ചു. നിയന്ത്രണരേഖയ്ക്കടുത്തുള്ള പാക്കിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങളിൽപ്പോലും ഇന്ത്യ ഇടപെടുകയാണ്. കശ്മീരിൽ ഇന്ത്യയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. കശ്മീരികൾക്ക് സ്വയം ഭരണാധികാരത്തിനുള്ള അവകാശം നൽകണം. ഇല്ലെങ്കിൽ ഇതിനായി പോരാടുന്ന കശ്മീരികൾക്ക് പാക്കിസ്ഥാൻ സഹായം നൽകും– ബജ്‌വ വ്യക്തമാക്കി.

നിയന്ത്രണ രേഖയിൽ ഇന്ത്യയാണ് വെടിനിർത്തൽ ലംഘനം നടത്തുന്നതെന്നും ബജ്‍വ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള ഏത് ആക്രമണവും നേരിടാൻ പാക്ക് സൈന്യം സുസജ്ജമാണ്. നിയന്ത്രണരേഖയിലെ പാക്ക് സൈന്യത്തിന്റെ ഒരുക്കങ്ങളിൽ ബജ്‌വ സംതൃപ്തിയും രേഖപ്പെടുത്തി.