Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയുടെ നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെ?: സിപിഎമ്മിനോട് കോണ്‍ഗ്രസ്

Kerala Politics

കോട്ടയം∙ സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം പിടിച്ച കേരള കോണ്‍ഗ്രസ് കാട്ടിയത് നെറികേടും വിശ്വാസവഞ്ചനയുമാണെന്ന് കോൺഗ്രസ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് കെ.എം. മാണിയും മകൻ ജോസ് കെ.മാണിയും ഉറപ്പ് നല്‍കിയിരുന്നു. ജോസ് കെ.മാണി കാട്ടിയത് കടുത്ത വഞ്ചനയാണ്. അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയത്തു പിറന്നത്. ബജറ്റ് വിറ്റുവെന്ന് പറഞ്ഞ് ആരോപണമുന്നയിച്ചവരാണ് ഇപ്പോൾ മാണിയെ പിന്തുണയ്ക്കുന്നതെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

ഡിസിസി പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാൻ ജോഷി ഫിലിപ്പ് രാജിവച്ച ഒഴിവിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടന്നത്. പിന്തുണ ഉറപ്പാക്കി കേരള കോണ്‍ഗ്രസുമായുണ്ടാക്കിയ കരാറിന്റെ രേഖയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ധാരണ അട്ടിമറിച്ചത് ജോസ് കെ.മാണി- സിപിഎം ഗൂഢാലോചനയെന്നും കെ.സി. ജോസഫ് ആരോപിച്ചു. കേരള കോൺഗ്രസ് കാട്ടിയത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ ആരോപിച്ചു. ജോസ് കെ.മാണിയാണ് എല്ലാറ്റിനും പിന്നിൽ. കേരളാ കോൺഗ്രസ് മുന്നണി വിട്ടപ്പോൾ നൽകിയ ഉറപ്പൊന്നും പാലിച്ചില്ലെന്നും ഹസ്സൻ ആരോപിച്ചു.

ജോസ് കെ.മാണിയുടെ നിർദേശപ്രകാരമുള്ള രാഷ്ട്രീയ മലക്കംമറിച്ചിലാണ് കേരള കോൺഗ്രസിന്റേതെന്ന് ജോസഫ് വാഴയ്ക്കാൻ ആരോപിച്ചു. എല്ലറ്റിനും ഉത്തരവാദികൾ കെ.എം. മാണിയും മകൻ ജോസ് കെ.മാണിയും മാത്രമാണ്. അടുത്ത ഒരു വർഷത്തേക്കുകൂടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തേക്ക് കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാമെന്ന് ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് എഴുതി ഒപ്പിട്ടുനൽകിയ ശേഷം കടുത്ത രാഷ്ട്രീയ വഞ്ചനയാണ് അവർ കാട്ടിയതെന്നും വാഴയ്ക്കൻ പറഞ്ഞു.

കെ.എം. മാണിക്ക് നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് ആരോപിച്ച് ബഹുജനമധ്യത്തിൽ അദ്ദേഹത്തെ അവഹേളിച്ചവരാണ് സിപിഎമ്മുകാരെന്ന് പി.ടി. തോമസ് എംഎൽഎ ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തിൽ ഈ യന്ത്രം എവിടെയുണ്ടെന്ന് സിപിഎം വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം. മാണിക്കെതിരായ ബാർകോഴക്കേസിൽ ഒരുമാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി കഴിഞ്ഞ ദിവസം വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വരുംവരായ്കകളും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മാണിയുടേത് കുതികാൽവെട്ടാണെന്ന് പി.സി. ജോർജ് എംഎൽഎ ആരോപിച്ചു. മാണിയും മകനും ഒളിവിലാണ്. കേരളാ കോണ്‍ഗ്രസിൽ അടുത്ത പിളർപ്പിനുള്ള സമയമായെന്നും പി.സി. ജോർജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടുണ്ടായിരുന്നു പി.സി. ജോർജിന്റെ ജനപക്ഷം അംഗം വോട്ട് അസാധുവാക്കിയിരുന്നു. ആർക്കും വോട്ടു ചെയ്യേണ്ടെന്ന നിർദേശത്തെ തുടർന്നായിരുന്നു ഇത്.

എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് കോൺഗ്രസ് സ്ഥാനാർഥി സണ്ണി പാമ്പാടിയെ പിന്തള്ളി കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിച്ചത്. കോൺഗ്രസിന് എട്ട് അംഗങ്ങളും കേരള കോൺഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി. ജോർജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തിലെ കക്ഷിനില. ഇതിൽ സിപിഐയുടെ ഏക പ്രതിനിധി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.