Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിലെ പാക്ക് കാടത്തത്തിനു പിന്നിൽ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ

Indian Army

ന്യൂഡൽഹി∙ രണ്ട് ഇന്ത്യൻ സൈനികരെ വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയ പാക്ക് കാടത്തത്തിനു പച്ചക്കൊടി കാട്ടിയതു പാക്ക് സൈനിക മേധാവി. നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടിയിൽ തിങ്കളാഴ്ച പുലർച്ചെ പാക്ക് സേന നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണത്തിന് നിർദേശം നൽകിയത് പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയാണെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 17ന് പാക്ക് സൈനിക പോസ്റ്റുകൾക്കു നേരെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചിരുന്നു. ഈ ആക്രമണത്തിൽ ഏഴു പാക്ക് സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിനുള്ള പ്രതികാര നടപടിയായാണ് രണ്ടു സൈനികരുടെ മൃതദേഹം വികൃതമാക്കിയുള്ള പാക്കിസ്ഥാന്റെ ആക്രമണമെന്ന് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.

ഏപ്രിൽ 17ന് രജൗറിയിൽ ജനവാസ മേഖലയിലേക്കും സൈനിക പോസ്റ്റുകൾക്കും നേരെ പാക്ക് സേന ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയായി ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഇതിൽ പത്തോളം സൈനികർ കൊല്ലപ്പെട്ടതായാണ് ഇന്ത്യൻ സൈന്യം അവകാശപ്പെടുന്നത്. തു‌‌‌‌ടർന്ന് ഏപ്രിൽ 30ന് ഹജി പിറിൽ സന്ദർശനം നടത്തിയ പാക്ക് സേനാ മേധാവി ബജ്‌വ, ശക്തമായ തിരിച്ചടി നൽകാൻ സേനയ്ക്കു നിർദേശം നൽകുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തെയും സൈനിക വൃത്തങ്ങളെയും ഉദ്ധരിച്ചാണ് റിപ്പോർട്ട്.

Bajrang Dal activists protest സൈനികരുടെ മൃതദേഹങ്ങളോട് അനാദരവു കാട്ടിയ പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കുന്ന ബജറങ്ദൾ പ്രവർത്തകർ

അതേസമയം, ഉറി ഭീകരാക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രണം നടത്തിയതിനുശേഷം ഇവിടം ശാന്തമായിരുന്നില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുമായുള്ള ഈ കലഹം പാക്കിസ്ഥാനു വലിയ നഷ്ടമാകും ഉണ്ടാക്കുക. നിയന്ത്രണ രേഖയിലെ ദൗർബല്യം മനസിലാക്കാതിരിക്കുന്നതിനുള്ള ശ്രമത്തിലാണവരെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ മേഖലയിലേക്ക് 250 മീറ്ററോളം ഉള്ളിലേക്കു കയറിയാണ് പാക്കിസ്ഥാന്റെ അതിർത്തി രക്ഷാസേന (ബിഎടി) ആക്രമണം നടത്തിയത്. തുടർന്ന് മണിക്കൂറുകളോളം കാത്തിരുന്ന അവർ, പട്രോളിങ് സംഘമെത്തിയതിനു പിന്നാലെ ആക്രമിച്ചു. ഇതിലാണ് രണ്ട് ഇന്ത്യൻ സൈനികർ ക്രൂരമായി കൊല്ലപ്പെട്ടത്. 22 സിഖ് ഇൻഫൻട്രിയിലെ നായിബ് സുബേദാർ പരംജീത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിരഛേദം നടത്തിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ. ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ സൈന്യത്തിനു സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

അതിർത്തിയിൽ 2.25 ലക്ഷം സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഇതിനു സമാന്തരമായാണ് പാക്കിസ്ഥാന്റെ എക്സ് കോർപ്സ് നിലയുറപ്പിച്ചിട്ടുള്ളത്. കാലാൾപ്പട ഉൾപ്പെടെ 1.25 ലക്ഷം സൈനികരാണ് ജമ്മു–കശ്മീർ മേഖലയിൽ പാക്കിസ്ഥാന്റെ സേനാശേഷി. കണക്കുകൾ കൊണ്ടും സൈന്യശേഷി കൊണ്ടും ഇന്ത്യ തന്നെ മുന്നിൽ. എന്നാൽ അപ്രതീക്ഷിതമായി തീവ്ര വൈകാരിക പ്രകോപനങ്ങൾ സൃഷ്ടിച്ച് സേനയെ ഉലയ്ക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്.