Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണം: ശത്രുഘ്നന്‍ സിന്‍ഹ

Shatrughan Sinha

ദുബായ് ∙ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ. പ്രതിപക്ഷത്തിനും സ്വീകാര്യനായ നേതാവാണ് അഡ്വാനിയെന്നും ശത്രുഘ്നന്‍ സിന്‍ഹ ദുബായില്‍ പറഞ്ഞു.

ബിജെപിയുടെയും എന്‍ഡിഎയുടെയും രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴാണ് അഡ്വാനിക്കു വേണ്ടി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തുന്നത്. ബിജെപി നേതാവ് എന്നതിനപ്പുറം രാജ്യതന്ത്രജ്ഞന്‍ എന്ന നിലയിലേക്ക് അഡ്വാനി വളര്‍ന്നു. പ്രതിപക്ഷം പോലും ആദരിക്കുന്ന നേതാവാണ്. രാഷ്ട്രപതിയാകുന്നതിന് പ്രായം അദ്ദേഹത്തിനു തടസമല്ല. അഡ്വാനി രാഷ്ട്രപതിയാകുന്നതു കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സിന്‍ഹ പറഞ്ഞു.

ബിജെപിയുടെ ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മോദി– അമിത് ഷാ കൂട്ടുകെട്ടാണ്. നരേന്ദ്ര മോദിയുടെ ഭരണത്തെ രണ്ടു വര്‍ഷത്തിനു ശേഷം ജനങ്ങള്‍ വിലയിരുത്തും. ബിജെപിയ്ക്കെതിരെ പ്രതിപക്ഷം വിശാലസഖ്യം രൂപീകരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുണകരമാകും. ജനങ്ങള്‍ക്കിടയിലെ ആശയക്കുഴപ്പം മാറ്റാന്‍ വിശാലസഖ്യം സഹായിക്കുമെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.