Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടി + ഐടി = ഐടി; നാളത്തെ ഇന്ത്യയ്ക്കുള്ള മന്ത്രവുമായി പ്രധാനമന്ത്രി മോദി

narendra-modi സുപ്രീം കോടതിയിലെ ഡിജിറ്റൽ ഫയലിങ് സംവിധാനം പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ രണ്ട് ഐടികൾ സമം മറ്റൊരു ഐടി. അസാധാരണമായ ഈ സമവാക്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. സുപ്രീം കോടതി പേപ്പർ രഹിതമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ഫയലിങ് സംവിധാനം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി + ഐടി = ഐടി എന്നതു പിന്നീട് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇൻഫർമേഷൻ ടെക്നോളജി (വിവരസാങ്കേതിക വിദ്യ) + ഇന്ത്യൻ ടാലന്റ് (ഇന്ത്യക്കാരുടെ കഴിവ്) = ഇന്ത്യ ടുമോറോ (നാളത്തെ ഇന്ത്യ). നാളത്തെ ഇന്ത്യയെന്നാൾ അതു വിവരസാങ്കേതിക വിദ്യയിലൂന്നിയുള്ള ഇന്ത്യയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യയെ കുറച്ചുകൂടി ആഴത്തിൽ ഇന്ത്യ കൈക്കൊള്ളണം. പൂർണഫലം ലഭിക്കണമെങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അതിനെ സ്വീകരിക്കണം. കുറച്ചുപേർ മാത്രം അതംഗീകരിച്ചാൽപ്പോരാ. മനസ്സിന്റെ പ്രശ്നമാണിത്. അവ മാറണം. എങ്കിലേ തുടങ്ങാനാകൂ. എത്രത്തോളം കാര്യങ്ങൾ ഓട്ടോമേറ്റ‍ഡ് ആക്കിയാലും സാങ്കേതിക വിദ്യകൾ ഇറക്കിയാലും മനസ്സ് മാറിയില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. നമ്മൾ ഒരാള്‍ക്ക് എസ്എംഎസ് അയച്ചശേഷം പിന്നീട് സന്ദേശം ലഭിച്ചോ എന്ന് അന്വേഷിച്ചു വിളിക്കും. ഈ മനസ്സ്ഥിതി മാറണം.

ഇ ഗവേർണൻസ് എന്നത് എളുപ്പവും ഫലപ്രദവും ചെലവു കുറയ്ക്കുന്നതുമാണ്. പേപ്പർരഹിതമാകുന്നതു പരിസ്ഥിതിക്കും ഗുണകരമാകുമെന്നും മോദി വ്യക്തമാക്കി. ഡിജിറ്റൽ പാതിയിലൂടെയുള്ള യാത്ര സുപ്രീം കോടതിയെ ശരിയായ ദിശയിലേക്കാണ് നയിക്കുന്നതെന്നും പാവപ്പെട്ടവർക്ക് നിയമസഹായം എത്തിക്കാനായി വൻ മുന്നേറ്റം ഉണ്ടാക്കണമെന്നും മോദി പറ‍ഞ്ഞു.

സുപ്രീം കോടതി നടപ്പാക്കുന്ന ഡിജിറ്റൽ ഫയലിങ് സംവിധാനം എല്ലാ ഹൈക്കോടതികളിലേക്കും കീഴ്ക്കോടതികളിലേക്കും വൈകാതെ എത്തും. കീഴ്ക്കോടതികളിൽനിന്ന് സുപ്രീം കോടതിയിലേക്ക് എത്തുന്ന കേസുകൾ ഡിജിറ്റൽ രീതിയിൽ സ്വീകരിക്കാനും പരമോന്നത നീതിപീഠം തീരുമാനിച്ചു. കോടതിച്ചെലവും മറ്റും ഇനി ഓൺലൈനായി നിർണയിക്കും. ചടങ്ങിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, സുപ്രീം കോടതിയിലെ മറ്റു ജ‍ഡ്ജിമാർ എന്നിവരും പങ്കെടുത്തു. 

related stories