Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുല്‍ഭൂഷന്‍ ജാദവ് കേസ്: രാജ്യാന്തര കോടതിയുടെ നിര്‍ദേശം പാക്കിസ്ഥാന്‍ അനുസരിച്ചേക്കില്ല

Kulbhushan Yadav

ഇസ്‍ലാമാബാദ് ∙ ഇന്ത്യൻ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതി ഇടപെടലിനെതിരെ വിമർശനുമായി പാക്കിസ്ഥാന്‍. പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പാക്ക് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹേഗിലെ രാജ്യാന്തര കോടതിയുടെ ഇടപെടല്‍ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.

സുരക്ഷാസംബന്ധമായ വിഷയങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാന്‍ ഓരോ രാജ്യത്തിനും അധികാരമുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെ ജാദവിന്റെ പാക്ക് വിരുദ്ധ നീക്കങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തി ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും പാക്കിസ്ഥാന്‍ അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാജ്യത്തു നടക്കുന്ന ‘ഭരണകൂട ഭീകരത’യിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ ഇന്ത്യ ജാദവിന്റെ വധശിക്ഷയെ ഉപയോഗിക്കുകയാണെന്നു പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് അസിഫ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിധി തള്ളിയ പാക്ക് മാധ്യമങ്ങൾ പാക്കിസ്ഥാനുമേൽ രാജ്യാന്തരക്കോടതിക്ക് അധികാരമില്ലെന്നും വാദിച്ചു.

ചാരക്കുറ്റമാരോപിച്ചാണു കുൽഭൂഷൻ ജാദവിനെ (46) പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ നൽകിയ ഹർജിയെത്തുടർന്നാണു രാജ്യാന്തര കോടതിയുടെ വിധി. ഐസിജെ വിധി നടപ്പാക്കാൻ പാക്കിസ്ഥാനു നിയമപരമായ ബാധ്യതയുണ്ടെന്ന് ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര കോടതിയെ സമീപിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രാജ്യാന്തരക്കോടതിയുടെ അധികാരപരിധിയിൽ വരുമെന്ന ജനീവ കരാറിൽ 1963 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ടതാണെന്നു സാൽവെ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ നാവികസേനാ മുൻ ഓഫിസറായ കുൽഭൂഷൻ ജാദവിനെ 2016 മാർച്ച് മൂന്നിനു ബലൂചിസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തുവെന്നാണു പാക്കിസ്ഥാൻ അറിയിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു ആരോപണം.  എന്നാൽ, 2003 ൽ നാവികസേനയിൽനിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്. ജാദവിനെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി നൽകണമെന്നു 16 തവണ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ തയാറായില്ല. ജാദവിന്റെ ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചതെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

related stories