Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു

s-suresh

തിരുവനന്തപുരം ∙ കൊലവിളി പ്രസംഗം നടത്തി വിവാദനായകനായ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര പൊലീസാണ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്. ആനാവൂരിൽ ആർഎസ്എസ് ജില്ലാ കാര്യവാഹിനുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ നെയ്യാറ്റിൻകര ഡിവൈഎസ്പി ഒാഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഘം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഇയാൾ പ്രകോപനപരമായ പ്രസംഗം നടത്തിയത്

ബിജെപി പ്രവർത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നും ആ മുന്നേറ്റം തടയാൻ എത്ര പൊലീസുകാർ വിചാരിച്ചാലും കഴിയില്ലെന്നും ഇയാൾ പ്രസംഗിച്ചിരുന്നു. ആനാവൂരിൽ സമാധാനം നിലനിൽക്കുന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും ഔദാര്യംമൂലമാണ്. അതവസാനിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നും എസ്. സുരേഷ് ഭീഷണി മുഴക്കി.

ആർഎസ്എസിന്റെ ഒരു ജില്ലാ നേതാവിനെ ആക്രമിച്ചതിനുശേഷവും കഴിഞ്ഞ ഇരുപത് ദിവസമായി ആനാവൂരിൽ സമാധാനം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ആർഎസ്എസും ബിജെപിയും നൽകിയ ഔദാര്യമാണെന്ന് സുരേഷ് പറഞ്ഞു. ഔദാര്യം എന്ന് തീരുന്നുവോ അന്ന് ഞങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റം ഉണ്ടാകും. അതിനെ തടയാൻ ഡിവൈഎസ്പി എത്ര പൊലീസുകാരെ നിരത്തിയിട്ടും കാര്യമുണ്ടാകില്ല– സുരേഷ് പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.

ആഴ്ചകൾക്ക് മുൻപാണ് ആർഎസ്എസ് നേതാവ് വിനോദിന് നേരെ ആക്രണം ഉണ്ടായത്. ഇതിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ല എന്നാരോപിച്ചാണ് സംഘപരിവാർ സംഘടനകൾ നെയ്യാറ്റിൻകര ഡിവൈഎസ്പി ഒാഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പരിപാടിയിലാണ് ഭീഷണി പ്രസംഗം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആനാവൂർ, പാറശാല, നേമം തുടങ്ങി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം–ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതുമായി യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.