Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണെ ആദ്യമായി ഐപിഎൽ ഫൈനലിൽ; മുംബൈയെ 20 റൺസിനു തോൽപ്പിച്ചു

Dhoni-Batting മുംബൈ ഇന്ത്യൻസിനെതിരെ പുണെ താരം എം.എസ്. ധോണിയുടെ ബാറ്റിങ്. ചിത്രം: വിഷ്ണു വി.നായർ

മുംബൈ ∙ ഐപിഎൽ പത്താം സീസണിലെ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പുണെ സൂപ്പർ ജയന്റ് ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി. കരുത്തരായ മുംബൈയെ 20 റൺസിന് വീഴ്ത്തിയാണ് പുണെയുടെ കന്നി ഫൈനൽ പ്രവേശം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 142 റൺസിൽ ഒതുങ്ങി. ഈ സീസണിൽ മുംബൈയ്ക്കു മുന്നിൽ കീഴടങ്ങിയിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തിയാണ് സ്റ്റീവൻ സ്മിത്തിന്റെയും സംഘത്തിന്റെയും ഫൈനൽ പ്രവേശമെന്ന പ്രത്യേകതയുമുണ്ട്.

അർധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ (43 പന്തിൽ 56), മനോജ് തിവാരി (48 പന്തിൽ 58), അവസാന ഓവറുകളിൽ വെടിക്കെട്ട് കാഴ്ചവച്ച മഹേന്ദ്ര സിങ് ധോണി (26 പന്തിൽ 40) എന്നിവർ പുണെയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ, നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ തമിഴ്നാട് താരം വാഷിങ്ടൻ സുന്ദറാണ് ബോളിങ്ങിൽ അവരുടെ ഹീറോ. ഷാർദുല്‍ താക്കൂറും മൂന്നു വിക്കറ്റ് വീഴ്ത്തി. ഒന്നാം ക്വാളിഫയറിൽ തോറ്റെങ്കിലും മുംബൈയ്ക്ക് ക്വാളിഫയർ രണ്ടിൽ ഒരു അവസരം കൂടിയുണ്ട്. ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ജയിക്കുന്ന ടീമുമായി 19ന് ആണ് പോരാട്ടം. ഹൈദരാബാദിൽ 21ന് ആണ് ഫൈനൽ.

പുണെ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയ്ക്ക് ഓപ്പണർമാരായ സിമ്മൺസും പാർഥിവ് പട്ടേലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 4.3 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 35 റൺസ്. 13 പന്തിൽ അഞ്ചു റൺസെടുത്ത സിമ്മൺസ് പതിവിനു വിപരീതമായി ഇഴഞ്ഞുനീങ്ങിയപ്പോൾ, മറുവശത്ത് പാർഥിവ് പട്ടേൽ തകർപ്പൻ ഫോമിലായിരുന്നു. സ്കോർ 35ൽ എത്തിയപ്പോൾ ഷാർദുൽ താക്കുറിന്റെ ഉജ്വല ഫീൽഡിങ്ങിൽ സിമ്മൺസ് റണ്ണൗട്ടായി. തുടർന്നെത്തിയ ക്യാപ്റ്റൻ രോഹി‍ത് ശർമ (രണ്ടു പന്തിൽ ഒന്ന്), അമ്പാട്ടി റായിഡു (മൂന്നു പന്തിൽ 0) എന്നിവരെ വാഷിങ്ടൺ സുന്ദർ മടക്കിയയച്ചതോടെ മുംബൈ തകർന്നു.

ഒരു വശത്ത് പാർഥിവ് പട്ടേൽ പൊരുതിനോക്കിയെങ്കിലും തുണനിൽക്കാൻ ആരുമില്ലാതെ പോയതോടെ മുംബൈ വീണു. കീറൻ പൊള്ളാർഡ് (10 പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 14), ക്രുനാൽ പാണ്ഡ്യ (11 പന്തിൽ 15), കരൺ ശർമ (ഏഴു പന്തിൽ നാല്), മക്‌ലീനാഘൻ (11 പന്തിൽ 12) എന്നിവരെല്ലാം കാര്യമായ സംഭാവനകൾ കൂടാതെ മടങ്ങിയതോടെ പുണെയ്ക്ക് അനായാസ ജയം. ബുംറ (11 പന്തിൽ 16), മലിംഗ (രണ്ടു പന്തിൽ ഏഴ്) എന്നിവർ പുറത്താകാതെ നിന്നു.

നേരത്തെ, ഈ സീസണിലെ വിലയേറിയ താരം ബെൻ സ്റ്റോക്സ് ദേശീയ ടീമിൽ കളിക്കാനായി നാട്ടിലേക്കു മടങ്ങിയതിനാൽ ലോക്കി ഫെർഗൂസനെ ഉൾപ്പെടുത്തിയാണ് പുണെ നിർണായക മൽസരത്തിനിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മിക്ക മൽസരങ്ങളിലും പുണെയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച രാഹുൽ ത്രിപാഠി ആദ്യ ഓവറിൽത്തന്നെ പുറത്ത്. മക്‌ലീനാഘന്റെ പന്തിൽ സംപൂജ്യനായി മടങ്ങുമ്പോൾ രാഹുൽ നേരിട്ടിരുന്നത് രണ്ടു പന്തു മാത്രം. രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ മലിംഗ മടക്കിയതോടെ പുണെ അപകടം മണത്തു. രണ്ടു പന്തിൽ ഒരു റൺ മാത്രമെടുത്ത സ്മിത്തിനെ മലിംഗ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു.

പിന്നീടായിരുന്നു പുണെ ഇന്നിങ്സിനെ താങ്ങിനിർത്തിയ രഹാനെ–തിവാരി കൂട്ടുകെട്ടി. മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഇരുവരും കൂട്ടിച്ചേർത്തത് 80 റൺസ്. 43 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 56 റൺസെടുത്ത രഹാനെയെ കരൺ ശർമ മടക്കിയെങ്കിലും പകരമെത്തിയ ധോണി തിവാരിക്കൊപ്പം ചേർന്ന് പുണെയെ പൊരുതാവുന്ന സ്കോറിലേക്കു നയിച്ചു. ആദ്യം റൺസ് കണ്ടെത്താൻ വിഷമിച്ച ധോണി അവസാന ഓവറുകളിൽ കത്തിക്കയറിയതോടെയാണ് പുണെ 150 കടന്നത്. 18 ഓവർ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റിന് 121 റൺസ് എന്ന നിലയിലായിരുന്നു പുണെ. മക്‌ലീനാഘൻ എറിഞ്ഞ 19–ാം ഓവറിൽ 26 റൺസും ബുംറ എറിഞ്ഞ അവസാന ഓവറിൽ 15 റൺസുമാണ് പുണെ കൂട്ടിച്ചേർത്തത്. മുംബൈയ്ക്കായി മക്‌ലീനാഘൻ, മലിംഗ, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മനോജ് തിവാരി ഇന്നിങ്സിന്റെ അവസാന പന്തിൽ റണ്ണൗട്ടായി.