Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മഴ കളിച്ച’ എലിമിനേറ്റർ പോരിൽ സൺറൈസേഴ്സിനെതിരെ കൊൽക്കത്തയ്ക്കു ജയം

PTI5_17_2017_000211a സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണർ പുറത്തായപ്പോൾ കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ ആഹ്ലാദം.

ബെംഗളൂരു∙ താരങ്ങളേക്കാൾ ‘മഴ കളിച്ച’ മൽസരത്തില്‍ നിലവിലെ ചാംപ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പത്താം സീസണിൽ ഫൈനൽ പ്രതീക്ഷ കാത്തു. മഴമൂലം മൽസരത്തിന്റെ ഏറിയ പങ്കും നഷ്ടമായതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമം ഉപയോഗിച്ച മൽസരത്തിൽ ഏഴു വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ ജയം. ഈ വിജയത്തോടെ കൊൽക്കത്ത നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈയെ നേരിടാൻ അർഹത നേടി. അവിടെ ജയിക്കുന്നവർക്ക് 21നു നടക്കുന്ന കിരീടപ്പോരിൽ പുണെ സൂപ്പർ ജയന്റിനെ നേരിടാം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. ഒന്നാം ഇന്നിങ്സ് അവസാനിച്ചതിനു തൊട്ടുപിന്നാലെയെത്തിയ മഴ മൽസരത്തിന്റെ സിംഹഭാഗവും അപഹരിച്ചതോടെ രണ്ടാം ഇന്നിങ്സിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറിൽ 48 റൺസായി പുനക്രമീകരിച്ചു. തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടത് കൊൽക്കത്തയെ ആശങ്കപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ ഗൗതം ഗംഭീർ അവസരത്തിനൊത്ത് ഉയർന്നതോടെ അവർ അനായാസം ലക്ഷ്യത്തിലെത്തി. നാലു പന്തുകൾ ബാക്കിനിൽക്കെയായിരുന്നു കൊൽക്കത്തയുടെ ജയം.

ഓപ്പണർ ക്രിസ് ലിൻ (രണ്ടു പന്തിൽ ആറ്), യൂസഫ് പത്താൻ (0), റോബിൻ ഉത്തപ്പ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് കൊൽക്കത്ത നിരയിൽ പുറത്തായത്. ഭുവനേശ്വർ കുമാർ, ക്രിസ് ജോർദാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോൾ യൂസഫ് പത്താൻ റണ്ണൗട്ടായി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഗംഭീർ–ഇഷാങ്ക് ജാഗി സഖ്യം കൊൽക്കത്തയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 19 പന്തുകൾ നേരിട്ട ഗംഭീർ രണ്ടു വീതം സിക്സും ബൗണ്ടറിയുമുൾപ്പെടെ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു പന്തിൽ അഞ്ചു റൺസെടുത്ത ജാഗി, വിജയത്തിലേക്കു ഗംഭീറിനു കൂട്ടുനിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. 35 പന്തിൽ 37 റണ്‍സെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് സൺറൈസേഴ്സിന്റെ ടോപ്സ്കോറർ. ഓപ്പണർമാരായ ശിഖർ ധവാനും ഡേവിഡ് വാർണറും ചേർന്ന് സൺറൈസേഴ്സിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 4.2 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 25 റൺസ്. ധവാനെ റോബിൻ ഉത്തപ്പയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 13 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 11 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത വാർണർ–വില്യംസൻ സഖ്യം സൺറൈസേഴ്സിനെ താങ്ങിനിർത്തി. 7.4 ഓവർ ക്രീസിൽ നിന്ന ഇരുവരും കൂട്ടിച്ചേർത്തത് 50 റൺസ്. സ്കോർ 75ൽ എത്തിയപ്പോൾ വില്യംസനെ പുറത്താക്കി കോൾട്ടർനീൽ കൂട്ടുകെട്ടു പൊളിച്ചു. 26 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 24 റൺസായിരുന്നു വില്യംസന്റെ സമ്പാദ്യം.

തൊട്ടടുത്ത ഓവറിൽ വാർണറെ പിയൂഷ് ചൗള ബൗൾഡാക്കിയതോടെ കൊൽക്കത്ത പിടിമുറുക്കി. 35 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 37 റൺസായിരുന്നു വാർണറിന്റെ സമ്പാദ്യം. നിലയുറപ്പിക്കാൻ പാടുപെട്ട യുവരാജിനെ ഉമേഷ് യാദവ് മടക്കി. ഒൻപതു പന്തിൽ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെ നേടിയ ഒന്‍പതു റൺസായിരുന്നു യുവിയുടെ സംഭാവന. 16 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 22 റൺസെടുത്ത വിജയ് ശങ്കർ പ്രതീക്ഷ പകർന്നെങ്കിലും, കോൾട്ടർനീലിന്റെ പന്തിൽ സൂര്യകുമാർ യാദവിനു ക്യാച്ച് നൽകി മടങ്ങി. തൊട്ടുപിന്നാലെ കോൾട്ടർനീലിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് ക്രിസ് ജോർദാൻ സംപൂജ്യനായി മടങ്ങി. 16 പന്തിൽ 16 റൺെസടുത്ത നമാൻ ഓജ ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്തായി.