Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് തിരിച്ചടി: കുൽഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു

PTI4_11_2017_000103B

ന്യൂഡൽഹി∙ ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഇന്ത്യയുടെയും കുൽഭൂഷൺ ജാദവിന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധി. ഇക്കാര്യത്തിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാക്കിസ്ഥാനോടു കോടതി ആവശ്യപ്പെട്ടു. റോണി ഏബ്രഹാമിന്റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

എല്ലാ അർഥത്തിലും പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് കോടതിവിധി. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉയർത്തിയ വാദങ്ങളെല്ലാം കോടതി തള്ളി. പാക്കിസ്ഥാനിലെ സ്വതന്ത്ര കോടതിയിൽ പുനർവിചാരണ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ ഉറപ്പുവരുത്തണം. കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കുൽഭൂഷന്റെ വിചാരണ നടന്ന പാക്കിസ്ഥാനിലെ സൈനിക കോടതിയെ സ്വതന്ത്ര കോടതിയായി പരിഗണിക്കാൻ രാജ്യാന്തര കോടതി തയാറായില്ല. കുൽഭൂഷൺ ചാരപ്രവർത്തനവും ഭീകരപ്രവർത്തനവും നടത്തിയെന്ന പാക്കിസ്ഥാന്റെ വാദവും കോടതി അംഗീകരിച്ചില്ല.

രാജ്യാന്തര കോടതി വിധിയുടെ പകർപ്പ് പൂർണരൂപം

അതേസമയം, കുൽഭൂഷൺ ജാദവ് ഇന്ത്യക്കാരനാണെന്ന് ഇന്ത്യയും പാക്കിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണെന്നു വിധി പ്രസ്താവിക്കുന്നതിനിടെ ജഡ്ജി ചൂണ്ടിക്കാട്ടി. കുൽഭൂഷണെ കാണാൻ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശം ഉണ്ട്. ഇത് അനുവദിക്കാതിരുന്നതു വിയന്ന ഉടമ്പടിയുടെ ലംഘനമാണ്. കേസ് രാജ്യാന്തര കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന പാക്കിസ്ഥാന്റെ വാദവും വിയന്ന ഉടമ്പടി പാലിക്കേണ്ടതില്ലെന്ന വാദവും കോടതി തള്ളി. പാക്കിസ്ഥാൻ മുൻവിധിയോടെ പെരുമാറിയെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഇന്ത്യാ – പാക്ക് ബന്ധത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്നതാണ് ഈ വിധി. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു കുല്‍ഭൂഷണ്‍ ജാദവിനു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത് വിയന്ന കരാറിന്‍റെ ലംഘനമാണെന്നാണു ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇന്ത്യ വാദിച്ചത്.

2016 മാര്‍ച്ചില്‍ ഇറാനില്‍നിന്നു കുല്‍ഭൂഷണെ തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. വിയന്ന കരാര്‍ അനുസരിച്ചു തടവുകാരന് നിയമാനുസൃതം സ്ഥാപിക്കപ്പെട്ട സ്വതന്ത്ര കോടതികളില്‍ വിചാരണയ്ക്ക് അവകാശമുണ്ട്, കുല്‍ഭൂഷണു സ്വയം പ്രതിരോധിക്കാന്‍ നിയമസഹായം ലഭ്യമാക്കിയില്ല, സൈനിക കോടതിയാണു സാധാരണക്കാരനായ പൗരനു ശിക്ഷവിധിച്ചത്, കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടന്നു എന്നിവയായിരുന്നു അഭിഭാഷകനായ ഹരീഷ് സാല്‍വെ ഇന്ത്യയ്ക്കു വേണ്ടി നിരത്തിയ വാദങ്ങള്‍‍. രാജ്യാന്തര കോടതി അധികാര പരിധി ലംഘിച്ചുവെന്നാണു പാക്കിസ്ഥാന്‍റെ മറുവാദം. അതേസമയം, ഇറാനില്‍നിന്നു തട്ടിയെടുത്താണ് അറസ്റ്റു ചെയ്തത് എന്ന വാദത്തിന് ഇന്ത്യയ്ക്കു തെളിവു നല്‍കാനായിട്ടില്ല.

പാക്കിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ രാജ്യാന്തര കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നു 1974 സെപ്റ്റംബര്‍ എട്ടിന് ഇന്ത്യ പറഞ്ഞിരുന്നു. ഇപ്പോഴത്തെ നിലപാട് ഇതിനെതിരാണെന്നും പാക്കിസ്ഥാനുവേണ്ടി ഖവാര്‍ ഖുറേഷി വാദിച്ചു. കുല്‍ഭൂഷണിന്‍റെ കുറ്റസമ്മത വിഡിയോ കാണണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് അറസ്റ്റു ചെയ്ത കുല്‍ഭൂഷണെ കഴിഞ്ഞമാസമാണു വധശിക്ഷയ്ക്കു വിധിച്ചത്. ഈ മാസം എട്ടിന് ഇന്ത്യ രാജ്യാന്താര കോടതിയില്‍ അപ്പീല്‍ നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.