Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുൽഭൂഷൺ കേസിലെ അനുകൂല വിധി: സുഷമ സ്വരാജിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Sushama Swaraj

ന്യൂഡൽഹി∙ കുൽഭൂഷൻ ജാദവ് കേസിൽ ഇന്ത്യയ്ക്ക് അനുകൂലമായ വിധിക്കായി പോരാടിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. രാജ്യാന്തര നീതിന്യായ കോടതിയിൽ കേസ് വാദിക്കാൻ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയെ ലഭ്യമാക്കിയതിലും മോദി അഭിനന്ദനം അറിയിച്ചു.

അതേസമയം, വിധി കുൽഭൂഷൺ ജാദവിന്റെ കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും ആശ്വാസകരമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കായി ഹാജരായ ഹരീഷ് സാൽവെ കേസ് ഫലപ്രദമായി കോടതിയുടെ മുൻപിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ രാജ്യത്തിന് ഒരു കുഴപ്പവും വരില്ലെന്ന് ഉറപ്പുതരുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും സുഷമ സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു.

പ്രമുഖരുടെ പ്രതികരണങ്ങൾ:

വെങ്കയ്യ നായിഡു: ഇന്ത്യൻ പൗരനായ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതിയുടെ വിധി റദ്ദാക്കിയ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയുടെയും മനുഷ്യാവകാശങ്ങളുടെയും വിജയമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ പറഞ്ഞുപരത്തിയ കള്ളങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞെന്ന് നായിഡു ചൂണ്ടിക്കാട്ടി. രാജ്യാന്തര സമൂഹത്തിനു മുന്നിൽ പാക്ക് നിലപാടുകളിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഈ വിധി അവർക്കു വലിയ തിരിച്ചടിയാണ്. രാജ്യമൊട്ടാതെ ഈ വിധിയിൽ സന്തുഷ്ടരാണ്. വിദേശകാര്യ മന്ത്രാലയത്തിന് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഈ വിഷയം രാജ്യാന്തര കോടതിയിൽ ഉന്നയിച്ചത് വിദേശകാര്യ മന്ത്രാലയമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ഹരീഷ് സാൽവെ: കുൽഭൂഷൺ ജാദവിനു നീതി ലഭ്യമാക്കിയ വിധിയിൽ സന്തോഷമുണ്ടെന്ന് ഇന്ത്യയ്ക്കായി കോടതിയിൽ ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നുവെന്നും സാൽവെ.

മുകുൾ റോഹത്ഗി (അറ്റോർണി ജനറൽ): കുൽഭൂഷൺ ജാദവ് കേസിൽ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഇന്ത്യൻ നിലപാടിന്റെ വിജയമാണെന്ന് അറ്റോർണി ജനറൽ മുകുൾ റോഹത്ഗി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകിച്ച്, വിദേശകാര്യ മന്ത്രാലയത്തെ അഭിനന്ദിക്കുന്നു. അന്തിമ വിധിയും ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാൻ കാണിച്ചത് നാടകമാണെന്നും റോഹത്ഗി അറിയിച്ചു.

മനീഷ് തിവാരി: കുൽഭൂഷൺ ജാദവിനെ തിരികെ ഇന്ത്യയിലെത്തിക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഉത്തേജനമായി കേന്ദ്ര സർക്കാർ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമാണ് കോടതി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൽബീർ കൗർ (സരബ്ജിത് സിങ്ങിന്റെ സഹോദരി): സത്യത്തിന്റെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെയും വിജയമെന്ന് പാക്കിസ്ഥാനിലെ ജയിലിൽ കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിന്റെ സഹോദരി ദൽബീൽ സിങ്. ഇക്കാര്യത്തിൽ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കൗർ വ്യക്തമാക്കി.