Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ ഉദ്ഘാടനം 30ന് ആലുവയിൽ; പ്രധാനമന്ത്രി മോദി എത്തില്ല

kochi-metro-rail

തിരുവനന്തപുരം∙ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30 നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്താൻ സാധിക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി ഒന്നോ രണ്ടോ ദിവസം വൈകിയാലും പ്രശ്നമില്ല. അദ്ദേഹത്തിനു വരാൻ സാധിക്കുന്നില്ലെങ്കിൽ ഉദ്ഘാടനം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ല. മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടനം നടക്കും - കടകംപള്ളി വ്യക്തമാക്കി.

മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് 30ന് ഉദ്ഘാടനം നടത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരുന്നു. ആലുവയിൽവച്ചാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

അതേസമയം, കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ലെന്ന് ഉറപ്പായി. മേയ് 29 മുതൽ ജൂൺ മൂന്നുവരെ അദ്ദേഹം വിദേശ പര്യടനത്തിലാണ്. ഒന്നരമാസം മുമ്പ് നിശ്ചയിച്ചതാണ് വിദേശ പര്യടനം. ജർമനി, സ്പെയിൻ, റഷ്യ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രിയുടെ യാത്ര. മോദിയുടെ യാത്ര ഒന്നരമാസത്തോളം മുന്നേ നിശ്ചിയിച്ചിരുന്നതാണെന്ന് ബിജെപി നേതാവായ കെ.സുരേന്ദ്രൻ പറഞ്ഞു. തികഞ്ഞ അൽപത്വമാണ് കേരള സർക്കാർ കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയായി കൊച്ചി മെട്രോ സർവീസിനു സജ്ജമായി കഴിഞ്ഞിരുന്നു. ആദ്യഘട്ട സർവീസിന് ഒൻപതു ട്രെയിനുകളാണ് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സർവീസിനു വേണ്ടത്. രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിർമാണം പൂർത്തിയാക്കി ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.