Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാച്ചിമട നഷ്ടപരിഹാര ബിൽ വീണ്ടും നിയമമാക്കി പരിഹാസ്യരാകാനില്ല: മന്ത്രി ബാലൻ

ak-balan

പാലക്കാട് ∙ കേന്ദ്രം തള്ളുകയും രാഷ്ട്രപതി മടക്കുകയും ചെയ്ത പ്ലാച്ചിമട നഷ്ടപരിഹാര ബിൽ സംബന്ധിച്ച് വീണ്ടും നിയമമുണ്ടാക്കി പരിഹാസ്യരാകാൻ ഇല്ലെന്ന് മന്ത്രി എ.കെ.ബാലൻ. ബിൽ പാസാക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് മാർച്ചു നടത്തുമെന്ന പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും വീടുകളിലേക്കാണ് സമരക്കാർ ആദ്യം മാർച്ച് നടത്തേണ്ടത്. ജലം ഊറ്റുന്നവരെ സംസ്ഥാന സർക്കാർ ഒരു തരത്തിലും സംരക്ഷിക്കില്ല. കോക്ക കോളയ്ക്കു മുന്നിൽ സമരം നടത്തുന്നവർ പെപ്സിയുടെ ജലചൂഷണം കാണുന്നില്ലേ. പ്ലാച്ചിമടയുമായി ബന്ധപ്പെട്ട് എല്ലാവരുമായി ചർച്ച ചെയ്യണമെന്നാണു ജലവിഭവമന്ത്രിയുടെ ശുപാർശ.

ഇതനുസരിച്ച് യോഗം വിളിക്കാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കും. നിയമപരമായി സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. ഹരിത ട്രൈബ്യൂണലിനെ സമീപിക്കണമെന്ന നിർദേശവും നിലനിൽക്കില്ല. ഹരിത ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനു മുൻപു നടന്ന വിഷയമാണിത്. ഇവിടെ നടത്തുന്ന സമരം പാർലമെന്റിനു മുൻപാണെങ്കിൽ എന്തെങ്കിലും ഗുണം ഉണ്ടാകുമായിരുന്നെന്നും എ.കെ.ബാലൻ പറഞ്ഞു.

related stories