Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാനാക്രൈ: ഉത്തര കൊറിയയുടെ ബന്ധത്തിനു കൂടുതൽ തെളിവുമായി യുഎസ് സ്ഥാപനം

Cyber Attack Representative Image

ന്യൂയോർക്ക്∙ വാനാക്രൈ സൈബർ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന റിപ്പോർട്ടുമായി യുഎസിലെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സിമാൻടെക് രംഗത്ത്. പ്രോഗ്രാമിന്റെ പ്രവർത്തനരീതിയിലും ഉപയോഗിച്ചിരിക്കുന്ന കോഡുകളിലും വലിയ സമാനതകളുണ്ടെന്ന് സിമാൻടെക് അറിയിച്ചു. വാനാക്രൈയുടെ ചില പതിപ്പുകൾ ഫെബ്രുവരിയിൽ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

ഉത്തര കൊറിയൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലസാറസ് ഹാക്കിങ് സംഘത്തിന് വാനാക്രൈയുമായി ബന്ധമുണ്ടെന്നു നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിലെ പ്രോഗ്രാമുകളും ഇപ്പോഴത്തെ വാനാക്രൈ പ്രോഗ്രാമും തമ്മിൽ കാര്യമായ സാമ്യമുണ്ടെന്നാണ് റിപ്പോ‍ർട്ട് സൂചിപ്പിക്കുന്നത്.

പ്രോഗ്രാമിലെ ചില കോഡുകൾ സോണി പിക്ചേഴ്സ് ഹാക്കിങ്ങിലും ഉപയോഗിച്ചതായി കണ്ടെത്തി. പല പ്രോഗ്രാമുകളും ബന്ധപ്പെടാൻ ശ്രമിക്കുന്ന ഐപി വിലാസവും ഒന്നുതന്നെയാണ്. ഫെബ്രുവരി 10ന് ഒരു പ്രമുഖ സ്ഥാപനത്തിലാണ് വാനാക്രൈ ആദ്യമായി സ്ഥിരീകരിച്ചതെന്ന് സിമാൻടെക് വ്യക്തമാക്കി.

രണ്ടു മിനിറ്റിനുള്ളിൽ 100 കംപ്യൂട്ടറുകളിലാണ് ഇവ വ്യാപിച്ചത്. വലിയ തോതിലുള്ള ആക്രമണത്തിനു മുന്നോടിയായിരുന്നു ഇതെന്നാണു സൂചന.

വാനാക്രൈ ആക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം ഉത്തര കൊറിയ നിഷേധിച്ചിരുന്നു.