Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവ്

Cows

ന്യൂഡല്‍ഹി∙ രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് പൂർണമായും നിരോധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. 1960ലെ പ്രിവൻഷൻ ഒാഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരമാണ് രാജ്യത്ത് വരുംദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുന്ന ഉത്തരവിറക്കിയിരിക്കുന്നത്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയിൽ വരുന്നത്. ഉത്തരവ് ഫലത്തിൽ‌ രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിക്കുന്നതാണ്.

ഉത്തരവിന്റെ പൂർണരൂപം

കന്നുകാലികളുടെ വിൽപ്പനയ്ക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കന്നുകാലികളെ വിപണനകേന്ദ്രങ്ങളിൽനിന്നു വാങ്ങുമ്പോൾ കശാപ്പ് ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നൽകണം. കാർഷിക ആവശ്യത്തിനു മാത്രമായിരിക്കണം വിൽപ്പന. സംസ്ഥാനാന്തര വിൽപ്പനയും പാടില്ല. സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലെമാത്രമേ വിൽപ്പനകേന്ദ്രങ്ങൾ സ്ഥാപിക്കാവൂ. കന്നുകാലികളെ ബലി നൽകുന്നതിനും നിരോധനം ഏർപ്പെടുത്തി. അതേസമയം ഉത്തരവു സംബന്ധിച്ച് ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്.

ഉത്തരവിലെ പ്രധാന നിർദേശങ്ങൾ:

∙ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിന് 1960ൽ കൊണ്ടുവന്ന നിയമത്തിനു കീഴിലാണ് പുതിയ ഉത്തരവു പുറത്തിറങ്ങിയിരിക്കുന്നത്.

∙ വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളിൽ വിൽക്കാനാകില്ല.

∙ വിൽപ്പന കേന്ദ്രങ്ങളിൽനിന്ന് കന്നുകാലികളെ ഇനി കർഷകനുമാത്രമേ വിൽക്കാവുള്ളൂ. കാർഷിക ആവശ്യങ്ങൾക്കാണ് കന്നുകാലിയെ വാങ്ങുന്നതെന്ന് രേഖാമൂലം ഉറപ്പുനൽകണം.

∙ പ്രായം കുറഞ്ഞതോ ശാരീരികാവസ്ഥ മോശമായതോ ആയ കന്നുകാലികളെ വിൽക്കരുത്.

∙ രാജ്യാന്തര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ അകലത്തിലും സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലത്തിലും മാത്രമേ വിൽപ്പനകേന്ദ്രങ്ങൾ സ്ഥാപിക്കാവൂ.

∙ മൃഗങ്ങളെ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുമ്പോൾ അതതു സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേക അനുവാദം വാങ്ങണം.

∙ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിലുള്ള ജില്ലാ മൃഗ വിപണന കമ്മിറ്റിയുടെ അനുമതിയാൽ മാത്രമേ കന്നുകാലി വിൽപ്പനശാലകൾ പ്രവർത്തിക്കാവൂ. സർക്കാർ അംഗീകാരമുള്ള മൃഗസംരക്ഷണ സംഘടനയിൽനിന്നുള്ള രണ്ടുപേർ ഈ കമ്മിറ്റിയിൽ ഉണ്ടാകും.

അതേസമയം, കേന്ദ്രസർക്കാർ നടപടി ഭക്ഷ്യസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പ്രതികരിച്ചു. തീരുമാനം അംഗീകരിക്കില്ല. ഭരണഘടനാവിരുദ്ധമായ നീക്കമാണിത്. നിയമവശങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.