Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശാപ്പു നിരോധനം; രാജ്യം കാളവണ്ടി യുഗത്തിലേക്കെന്ന് തോമസ് ഐസക്ക്

Cows and Buffalos

തിരുവനന്തപുരം∙ രാജ്യത്ത് കന്നുകാലികളെ കശാപ്പു ചെയ്യുന്നതു നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവിനെ വിമർശിച്ച് സംസ്ഥാന മന്ത്രിമാർ. കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ അവ്യക്തതയുണ്ടെന്നും നിയമവശം പരിശോധിക്കുമെന്നും മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണ്. നിയമപരമായി എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും. രാജ്യത്തെ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കന്നുകാലി കശാപ്പ് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ പെട്ടതാണ്. നിരോധനത്തിലൂടെ കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. വളർത്താനായി ആരും കന്നുകാലികളെ വാങ്ങില്ല. പുതിയ ഉത്തരവ് രാജ്യത്തെ പൗരന്മാരുടെ ഭക്ഷണ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതിന്റെ നിയമവശങ്ങൾ പരിശോധിച്ച് നടപടിയെടുക്കണം. കേന്ദ്രസർക്കാരിന്റെ നിഗൂഡമായ ഗൂഢാലോചനയുടെ ഫലമാണ് വിജ്ഞാപനം. ഇതൊരു തരത്തിലും അംഗീകരിക്കില്ലെന്നും സുനിൽകുമാർ പറഞ്ഞു.

കന്നുകാലി വിൽപനയിലെ നിയന്ത്രണം അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി.ജലീലും പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കശാപ്പു നിരോധനം മനുഷ്യാവകാശം കവർന്നെടുക്കാനുള്ള ശ്രമമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രസർക്കാർ ഉത്തരവ് സ്വാഗതാർഹമാണെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു.

മാട്ടിറച്ചി നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റവും അപ്രായോഗികവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വേണ്ടത്ര ആലോചനയൊ പാര്‍ലമെന്റില്‍ ചര്‍ച്ചയൊ ചെയ്യാതെ വിഷയത്തെ ലാഘവത്തോടെ കണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഒളി അജൻഡ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ല.

മാട്ടിറച്ചി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ വയറ്റത്തടിച്ച് മൃഗസ്‌നേഹത്തിന്റെ കപടനാടകം കളിക്കുന്നവര്‍ ജനാധിപത്യ മതേതര മൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. പിന്നാക്കക്കാരും ആദിവാസികളും മുസ്‌ലിം വിഭാഗങ്ങളും ഉള്‍പ്പെടെ 85% വരുന്ന രാജ്യത്തെ പൗരന്മാരും സസ്യഭുക്കുകളാണെന്നാണ് കണക്ക്. തണുപ്പ് കൂടിയ പ്രദേശങ്ങളില്‍ താമസിക്കാന്‍ കൊഴുപ്പും ചൂടും അധികം ലഭിക്കുന്ന മാംസാഹാരം അനിവാര്യമാണ്. വിശ്വാസപരവും ജീവല്‍പരവുമായ ഭക്ഷണം മൗലികാവകാശമാണ്.

ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ബലി കർമം ഒഴിച്ചു നിര്‍ത്തിയാല്‍ മുസ്‌‌ലിം വിശ്വാസികളെ നിരോധനം പ്രത്യേകം ബാധിക്കുന്ന വിഷയമല്ല. മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമായ മാട്ടിറച്ചി നിരോധനത്തെ നിയമപരമായും രാഷ്ട്രീയമായും ചെറുത്തു തോല്‍പ്പിക്കാന്‍ പാർട്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

related stories