Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ അല്ല, ചൈന?

WannaCry RansomeWare CyberAttack

ലണ്ടൻ∙ വാനാക്രൈ ആക്രമണത്തിനു പിന്നിൽ ചൈനീസ് ഹാക്കർമാരാകാമെന്നു പഠനം. സൈബർ സുരക്ഷ സ്ഥാപനമായ ഫ്ലാഷ്പോയിന്റിലെ വിദഗ്ധരാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മാൽവെയർ ബാധിച്ച കംപ്യൂട്ടറുകളിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രത്യക്ഷമായ സന്ദേശത്തിലെ ഭാഷാപരമായ പ്രത്യേകതകൾ പരിശോധിച്ചാണ് ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടുന്നത്. വിവിധ രാജ്യങ്ങളിലായി 28 ഭാഷകളിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതിൽ ചൈനീസ് ഭാഷയിലുള്ള സന്ദേശത്തിൽ മാത്രമാണ് വ്യാകരണനിയമങ്ങൾ കൃത്യമായി പാലിച്ചിട്ടുള്ളത്.

ഇംഗ്ലിഷ്, ചൈനീസ് ഭാഷകളിലൊഴികെ ബാക്കിയെല്ലാം കംപ്യൂട്ടർ ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലിഷ് സന്ദേശത്തിൽ കാര്യമായ വ്യാകരണപിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അതിനാൽ ചൈനീസ് ഭാഷ നന്നായി ഉപയോഗിക്കുന്ന ആരെങ്കിലുമാകാമെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. ഭാഷയുടെ പ്രത്യേകതകൊണ്ടു മാത്രം ചൈനയിൽനിന്നുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു സ്ഥിരീകരിക്കാനാവില്ലെന്നും മറുഭാഗം പറയുന്നു.

വാനാക്രൈ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന റിപ്പോർട്ട് യുഎസിലെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സിമാൻടെക് പുറത്തുവിട്ടത് കഴിഞ്ഞ ആഴ്ചയാണ്. യുകെ നാഷനൽ ക്രൈം ഏജൻസി, യുഎസ് അന്വേഷണവിഭാഗമായ എഫ്ബിഐ, യൂറോപ്യൻ പൊലീസ് എജൻസിയായ യൂറോപ്പോൾ എന്നിവ വാനാക്രൈ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.