Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ വീണ്ടും കളിച്ചു; ഒാസ്ട്രേലിയ–ന്യൂസീലൻഡ് മൽസരം ഉപേക്ഷിച്ചു

Kane Williamson സെഞ്ചുറി നേടിയ കെയ്ൻ വില്യംസന്റെ പ്രകടനം.

ലണ്ടൻ ∙ കനത്ത മഴയെ തുടർന്ന് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ന്യൂസീലൻഡ്– ഒാസ്ട്രേലിയ മൽസരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് മഴമൂലം 46 ഒാവറാക്കി കുറച്ച മൽസരത്തിൽ 291 റൺസ് നേടി. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസിന്റെ വിജയലക്ഷ്യം 33 ഒാവറിൽ 235 റൺസാക്കി കുറച്ചു. മഴമൂലം മൽസരം തടസപ്പെട്ടതിനെ തുടർന്നാണ് ഒാവറും വിജയലക്ഷ്യവും വെട്ടിക്കുറച്ചത്. പക്ഷേ, ഒൻപത് ഒാവർ മാത്രം ബൗൾ ചെയ്തപ്പോൾ മഴ വീണ്ടും വില്ലനായി; മൽസരം ഉപേക്ഷിക്കുകയായിരുന്നു. ഒൻപതോവറിൽ 53 റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു ഒാസീസ്. 18 റൺസ് നേടിയ വാർണർ, ഹെൻട്രിക്വിസ് എന്നിവരുടെയും എട്ട് റണ്‍സെടുത്ത ഫിഞ്ചിന്റെയും വിക്കറ്റാണ് ഒാസ്ട്രേലിയയ്ക്ക് നഷ്ടമായത്. ന്യൂസീലൻഡിനായി മിൽനെ രണ്ടു വിക്കറ്റും ബോർട്ട് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് ഒരു ഓവർ ബാക്കി നിൽക്കെ 291 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഒൻപതാം ഏകദിന സെഞ്ചറിയുടെയും (97 പന്തിൽ 100) ലൂക്ക് റോഞ്ചിയുടെ അർധസെഞ്ചുറിയുടെയും (43 പന്തിൽ 65) മികവിൽ 39 ഓവറിൽ മൂന്നിന് 254 റൺസെന്ന നിലയിലായിരുന്ന ന്യൂസീലൻഡിനെ, ആറു വിക്കറ്റ് നേടിയ ജോഷ് ഹെയ്സൽവുഡാണ് തകർത്തത്. ഒൻപത് ഓവറിൽ 52 റൺസ് വഴങ്ങിയാണ് ഹെയ്‍സൽവുഡ് ആറു വിക്കറ്റ് വീഴ്ത്തിയത്.

അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകൾ ശ്രമിച്ച് താരങ്ങൾ മടങ്ങിയതാണ്, അനായാസം 300 കടക്കുമായിരുന്ന ന്യൂസീലൻഡ് സ്കോർ 291ൽ പിടിച്ചുനിർത്തിയത്. നാലു പേസ് ബോളർമാരുമായി കളത്തിലിറങ്ങിയ ഒാസീസിനെതിരെ ന്യൂസിലൻഡിന് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലും ലൂക്ക് റോഞ്ചിയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 5.4 ഓവറിൽ കിവീസ് സ്കോർ 40ൽ എത്തിയതിനു പിന്നാലെ ഹെയ്‍സൽവുഡിന് മൽസരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചത് ഗപ്റ്റിൽ മടങ്ങി. 22 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 26 റൺസായിരുന്നു ഗപ്റ്റിലിന്റെ സമ്പാദ്യം.

എന്നാൽ, രണ്ടാം വിക്കറ്റിൽ ലൂക്ക് റോഞ്ചിക്കൊപ്പവും (77), മൂന്നാം വിക്കറ്റിൽ റോസ് ടെയ്‌ലറിന് (99) ഒപ്പവും വില്യംസൻ കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകൾ കിവീസ് ഇന്നിങ്സിന് കരുത്തു പകർന്നു. 97 പന്തിൽ എട്ടു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടുന്നതായിരുന്നു വില്യംസന്റെ സെഞ്ചുറി. ഓസ്ട്രേലിയ്ക്കെതിരെ വില്യംസന്റെ കന്നി ഏകദിന സെഞ്ചുറി കൂടിയാണിത്. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ വില്യംസൻ റണ്ണൗട്ടായി.

ലൂക്ക് റോഞ്ചി 43 പന്തിൽ ഒൻപത് ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 65 റൺസെടുത്തു. റോസ് ടെയ്‍ലർ 58 പന്തിൽ ആറു ബൗണ്ടറികൾ ഉൾപ്പെടെ 46 റൺസെടുത്ത് പുറത്തായി. ഇവർക്കു ശേഷം വന്നവരിൽ രണ്ടക്കം കടക്കാനായത് നീൽ ബ്രൂമിന് മാത്രം. അതിവേഗം സ്കോർ ചെയ്യാനുള്ള ശ്രമത്തിലാണ് ന്യൂസീലൻഡ് താരങ്ങൾ അവസാന ഓവറുകളിൽ കൂട്ടത്തകർച്ചയെ നേരിട്ടത്. 19 പന്തിൽ 14 റൺസെടുത്ത ബ്രൂം, ഹെയ്‍സൽവുഡിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ജയിംസ് നീഷാം (10 പന്തിൽ ആറ്), മിച്ചൽ സാന്റ്നർ (ഏഴു പന്തിൽ എട്ട്), കോറി ആൻഡേഴ്സൻ (അഞ്ചു പന്തിൽ എട്ട്), ആദം മിൽനെ (ഏഴു പന്തിൽ 11), ട്രെന്റ് ബൗൾട്ട് (രണ്ടു പന്തിൽ 0) എന്നിവർ നിരാശപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.