Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഹോളിവുഡ് ചിത്രത്തേക്കാൾ കുറഞ്ഞ ചെലവിൽ: മോദി

Narendra-Modi സെന്റ് പീറ്റേഴ്സ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിൽ (എസ്പിഐഇഎഫ്) സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി ∙ രാഷ്ട്രീയ ഇച്ഛാശക്തി, സ്ഥിരത, വ്യക്തമായ കാഴ്ചപ്പാട് എന്നീ ഘടകങ്ങൾ ഇന്ത്യയിലെ വ്യവസായ മേഖലയുടെ മുഖം തന്നെ മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള വിപണികളിലൊന്ന് എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പരിണാമത്തിന് ഇതു വഴിയൊരുക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. റഷ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മോദി, സെന്റ് പീറ്റേഴ്സ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിൽ (എസ്പിഐഇഎഫ്) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ ആകാശം മാത്രമാണ് പരിധിയെന്ന് മോദി പറഞ്ഞു. ആരോഗ്യം, പ്രതിരോധം, സേവനം തുടങ്ങി വിവിധ മേഖലകളിൽ ഒട്ടനവധി അവസരങ്ങളാണ് രാജ്യം കാത്തുവച്ചിട്ടുള്ളത്. രാജ്യാന്തര റേറ്റിങ് ഏജൻസികളുടെ കണ്ടെത്തലനുസരിച്ച്, വ്യവസായങ്ങൾ തുടങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ വരുത്തിയ സമ്പൂർണ ഭരണ പരിഷ്കാരങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് വിദേശ കമ്പനികളെ ക്ഷണിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ലോകത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഏതാണ്ട് മുഴുവനായും ഏഷ്യയ്ക്കു മേലാണ്. അതിൽത്തന്നെ ഇന്ത്യയ്ക്കുമേൽ സവിശേഷമായൊരു താൽപര്യം ലോകരാജ്യങ്ങൾക്കുണ്ട്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ സവിശേഷതയാണ് ലോകരാജ്യങ്ങളുടെ ഈ സമീപനത്തിലൂടെ തെളിയുന്നത്. ‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്’ എന്ന തത്വത്തിലൂന്നി കഴിഞ്ഞ മൂന്നു വർഷംകൊണ്ടു നടപ്പാക്കിയ പരിഷ്കാരങ്ങളാണ് പ്രകടമായ ഈ വ്യത്യാസത്തിന് കാരണമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി മുതൽമുടക്കുന്നവർക്ക് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടി എപ്രകാരമാകും പ്രയോജനപ്പെടുക എന്നും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. സ്വദേശി കമ്പനികൾക്കു പുറമെ വിദേശ‌കമ്പനികളെയും ജിഎസ്ടി സഹായിക്കുമെന്ന് മോദി വ്യക്തമാക്കി.

ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒട്ടനവധി അവസരങ്ങൾ ഒളിഞ്ഞിരിക്കുന്ന രാജ്യമാണ് 125 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ അതിവേഗമുള്ള നഗരവൽക്കരണം, നിർമാണ മേഖലയിലും മാലിന്യ സംസ്കരണത്തിലും വിദേശനിക്ഷേപകർക്ക് വൻതോതിലുള്ള നിക്ഷേപസാധ്യതകൾ തുറക്കുന്നതായി മോദി ചൂണ്ടിക്കാട്ടി.

ബഹിരാകാശ ഗവേഷണരംഗത്തും ഇന്ത്യ നേടിയ വൻ വളർച്ചയെ മോദി ലോകരാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ ചൊവ്വ ദൗത്യത്തെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ടാണ് ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടങ്ങളെ മോദി വിശദീകരിച്ചത്. ഒരു ഹോളിവുഡ് ചിത്രം നിർമിക്കുന്നതിലും കുറഞ്ഞ ചെലവിലാണ് ഇന്ത്യ തങ്ങളുടെ ചൊവ്വാ ദൗത്യം പൂർത്തിയാക്കിയതെന്ന മോദിയുടെ പ്രസ്താവനയെ, വൻ ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.