Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മഴക്കളി’യിൽ പാക്കിസ്ഥാനെ മുക്കി ഇന്ത്യ; വിജയം 124 റൺസിന്, യുവരാജ് കളിയിലെ കേമൻ

Shoaib Malik പാക്ക് താരം ശുഐബ് മാലിക്ക് പുറത്തായപ്പോള്‍ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം.

ബിർമിങ്ങാം∙ ചാംപ്യൻസ് ട്രോഫിയിലെ ‘സൂപ്പർ’ പോരാ‍ട്ടത്തിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മൂന്നു തവണ മഴ തടസ്സപ്പെടുത്തിയ മൽസരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 48 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തപ്പോൾ, പാക്കിസ്ഥാന്റെ മറുപടി 33.4 ഓവറിൽ 164 റൺസിലൊതുങ്ങി. ബോളിങ്ങിനിടെ പരുക്കേറ്റ പാക്ക് താരം വഹാബ് റിയാസ് ബാറ്റിങ്ങിനിറങ്ങിയില്ല. മഴമൂലം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറിൽ 289 റണ്‍സായി പുനർനിശ്ചയിച്ചിരുന്നതിനാൽ ഇന്ത്യൻ വിജയം 124 റൺസിന്. യുവരാജ് സിങ്ങാണ് കളിയിലെ കേമൻ.

അർധസെഞ്ചുറി നേടിയ അസ്ഹർ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. മുഹമ്മദ് ഹഫീസ് 33 റൺസെടുത്തു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അതേസമയം, ബാബർ അസം (12 പന്തിൽ എട്ട്), അഹമ്മദ് ഷെഹ്സാദ് (22 പന്തിൽ 12), ശുഐബ് മാലിക്ക് (ഒൻപതു പന്തിൽ 15), മുഹമ്മദ് ആമിർ (16 പന്തിൽ 9) ഇമാദ് വാസിം (0), സർഫ്രാസ് അഹമ്മദ് (16 പന്തിൽ 15), ഹസൻ അലി (0) എന്നിവർ നിരാശപ്പെടുത്തി. മികച്ച തുടക്കം ലഭിച്ച ശുഐബ് മാലിക്ക് ജഡേജയുടെ തകർപ്പൻ ത്രോയിൽ റണ്ണൗട്ടാവുകയായിരുന്നു. ഷദാബ് ഖാൻ 14 റൺസുമായി പുറത്താകാതെ നിന്നു.

രസംകൊല്ലിയായി മഴ

രസംകൊല്ലിയായെത്തിയ മഴ മൂലം പാക്കിസ്ഥാന്റെ വിജയലക്ഷ്യം രണ്ടു തവണയാണ് പുനർനിശ്ചയിച്ചത്. ഇന്ത്യ ബാറ്റു ചെയ്യുമ്പോഴാണ് രസംകൊല്ലിയായി ആദ്യം മഴയെത്തുന്നത്. അപ്പോൾ സ്കോർ 9.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 46 റൺസ്. മൽസരം അധികം വൈകാതെ പുനരാരംഭിച്ചെങ്കിലും 33.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന നിലയിൽ നിൽക്കെ മഴ വീണ്ടുമെത്തി. ഇതോടെ മൽസരം 48 ഓവറാക്കി വെട്ടിച്ചുരുക്കി.

ഇന്ത്യയുടെ ഇന്നിങ്സ് അവസാനിക്കാൻ രണ്ടു പന്തു ബാക്കി നിൽക്കെ വീണ്ടും മഴ പെയ്തെങ്കിലും ഇന്നിങ്സ് പൂർത്തിയാക്കാനായിരുന്നു അമ്പയർമാരുടെ തീരുമാനം. ഇന്ത്യ 48 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണെടുത്തതെങ്കിലും ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 324 ആയി പുനർനിശ്ചയിച്ചു. പാക്കിസ്ഥാൻ ബാറ്റിങ് ആരംഭിച്ച് അഞ്ച് ഓവർ പിന്നിടുന്നതിനു മുൻപേ വീണ്ടും മഴയെത്തി. 4.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 22 റൺസെന്ന നിലയിൽ നിൽക്കെ എത്തിയ മഴ മൽസരത്തിന്റെ കുറച്ചേറെ ഭാഗം അപഹരിച്ചതോടെ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറിൽ 289 റൺസായി.

തകർത്തടിച്ച് മുൻനിര

നേരത്തെ, ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ശിഖർ ധവാൻ (68), രോഹിത് ശർമ (91), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (81*), യുവരാജ് സിങ് (53) എന്നിവരാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അവസാന ഓവറിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ ആറു പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു. അവസാന നാല് ഓവറിൽ മാത്രം 72 റൺസ് നേടിയാണ് ഇന്ത്യ പാക്കിസ്ഥാന് മുന്നിൽ റൺമല തീർത്തത്.

തുടക്കത്തിലെ പതർച്ചയെ മികച്ച കൂട്ടുകെട്ടുകളുടെ പിൻബലത്തിൽ മറികടന്നാണ് മികച്ച സ്കോറിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റമെന്നതും ശ്രദ്ധേയം. രോഹിത്–ധവാൻ സഖ്യം ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് (136) തീർത്തപ്പോൾ, രണ്ടാം വിക്കറ്റിൽ രോഹിത്–കോഹ്‍ലി സഖ്യവും (56) മൂന്നാം വിക്കറ്റിൽ കോഹ്‍ലി–യുവരാജ് സഖ്യവും (93) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. പിരിയാത്ത നാലാം വിക്കറ്റിൽ കോഹ്‍ലി–ഹാർദിക് പാണ്ഡ്യ സഖ്യം 10 പന്തിൽ 34 റൺസെടുത്ത് ഇന്നിങ്സിന് വേഗത പകർന്നു.

പതറിയ തുടക്കം, പിന്നെ പിടിച്ചുകയറ്റം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതർച്ചയോടെയായിരുന്നു. മുഹമ്മദ് ആമിർ എറിഞ്ഞ ആദ്യ ഓവറിൽ ഇന്ത്യയ്ക്ക് റണ്ണൊന്നും നേടാനായില്ല. പാക്ക് ബോളർമാര്‍ക്കു മുന്നിൽ പതറിയ ധവാനും രോഹിതിനും, ഇമാദ് വാസിം എറിഞ്ഞ രണ്ടാം ഓവറിൽ മൂന്നും ആമിറിന്റെ അടുത്ത ഓവറിൽ രണ്ടും റൺസും മാത്രമേ സ്കോർ ചെയ്യാനായുള്ളൂ. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, മൽസരം പുരോഗമിക്കുന്തോറും താളം വീണ്ടെടുത്ത ഇന്ത്യ മേധാവിത്തം വീണ്ടെടുത്തു. രണ്ടു തവണയായെത്തിയ മഴ ഇടയ്ക്ക് രസംകൊല്ലിയായെങ്കിലും അതിനൊന്നും ധവാന്റെയും രോഹിതിന്റെയും വീര്യം കെടുത്താനായില്ല.

24.3 ഓവർ ക്രീസിൽ നിന്ന ഇരുവരും 136 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത്. 65 പന്തുകൾ നേരിട്ട് ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 68 റൺസെടുത്ത ധവാനാണ് ആദ്യം പുറത്തായത്. ഷതാബ് ഖാന്റെ പന്തിൽ അസ്ഹർ അലിക്കു ക്യാച്ചു നൽകിയായിരുന്നു ധവാന്റെ മടക്കം. കോഹ്‍ലിയുമൊത്ത് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തതിനു പിന്നാലെ രോഹിതും മടങ്ങി. 119 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 91 റൺസെടുത്ത രോഹിത് ശർമ, റണ്ണൗട്ടാവുകയായിരുന്നു. അതിനു മുൻപ് 33.1 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു നിൽക്കെ മഴയെത്തിയിരുന്നു. ഇതേത്തുടർന്ന് 48 ഓവറാക്കി വെട്ടിച്ചുരുക്കിയശേഷമാണ് മൽസരം പുനരാരംഭിച്ചത്. നേരത്തെ, 9.5 ഓവറിൽ ഇന്ത്യ 46 റൺസെടുത്തു നിൽക്കെ മഴ അൽപസമയം മൽസരം തടസ്സപ്പെടുത്തിയിരുന്നു.

കരുത്തുകാട്ടി യുവരാജ്, കോഹ്‍ലി

രോഹിത്തും പുറത്തായശേഷമെത്തിയ യുവരാജ് സിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് ഗതിവേഗം പകർന്നത്. അതുവരെ ഇഴഞ്ഞുനീങ്ങിയ ഇന്ത്യൻ ഇന്നിങ്സിന് യുവരാജിന്റെ വരവോടെ വേഗത കൈവന്നു. 32 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 53 റൺസെടുത്ത യുവരാജ് ഹസൻ അലിക്കു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. മൂന്നാം വിക്കറ്റിൽ കോഹ്‍ലി–യുവരാജ് സഖ്യം കൂട്ടിച്ചേർത്തത് 93 റൺസ്.

Yuvraj Singh

യുവരാജിനു പിന്നാലെ ധോണിയെ പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിലേക്കെത്തിയത് ഹാർദിക് പാണ്ഡ്യ. വന്നതു വെറുതെയല്ലെന്ന് ആറു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിൽ തെളിയിച്ച പാണ്ഡ്യ, അതിൽ മൂന്നു പന്തും ഗാലറിയിലെത്തിച്ച് 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്നിങ്സ് അവസാനിക്കുമ്പോഴേക്കും ഫോമിന്റെ ഉത്തുംഗശൃംഗത്തിലെത്തിയ കോഹ്‍ലി, 68 പന്തിൽ ആറു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 81 റൺസെടുത്തു പുറത്താകാതെ നിന്നു. ഹസൻ അലി, ഷതാബ് ഖാൻ എന്നിവർ പാക്കിസ്ഥാനായി ഓരോ വിക്കറ്റ് വീഴ്ത്തി. വഹാബ് റിയാസ് 8.4 ഓവറിൽ 87 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

Virat Kohli
related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.